മരണക്കളമായി അൽ ശിഫ ആശുപത്രി; ഇസ്രായേൽ കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഹൂത്തികള്‍
ബന്ദികളുടെ മോചന ചർച്ചയെ കുറിച്ച് തൽക്കാലം ഒന്നും പറയാനാകില്ലെന്ന് അമേരിക്കയും ഇസ്രായേലും പ്രതികരിച്ചു
തെല്‍ അവിവ്: രോഗികളും അഭയാർഥികളുമായ ആയിരങ്ങൾ തമ്പടിച്ച അൽശിഫ ആശുപത്രി പൂർണമായും വളഞ്ഞ സൈന്യം ആക്രമണം രൂക്ഷമാക്കിയതോടെ കൂടുതൽ പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രി വളപ്പിൽ തന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയതിനു തൊട്ടുപിന്നാലെയാണ് എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആക്രമണം. ബന്ദികളുടെ മോചന ചർച്ചയെ കുറിച്ച് തൽക്കാലം ഒന്നും പറയാനാകില്ലെന്ന് അമേരിക്കയും ഇസ്രായേലും പ്രതികരിച്ചു. ഇസ്രായേൽ കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തി വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ലബനനു നേർക്ക് ശക്തമായ വ്യോമാക്രമണവുമായി ഇസ്രായേൽ.
ഇന്ന് വെളുപ്പിന് സൈന്യം പൂർണമായും അൽ ശിഫ ആശുപത്രി വളഞ്ഞ് നാലു ഭാഗങ്ങളിൽ നിന്ന് ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. രക്ഷപ്പെടാൻ സാധിക്കാത്തവിധം എല്ലാവരും മരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് കുഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ കൂട്ട ഖബറിടമൊരുക്കിയതെന്ന്അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. ആശുപത്രികൾ ഹമാസ് ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണം വീണ്ടും ഉന്നയിച്ച ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തു വന്നു.
ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നതായി അമേരിക്ക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അൽശിഫ ഉൾപ്പെടെ ആശുപത്രികൾക്കെതിരായ നടപടിയെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം. ആരോപണം ഗസ്സ ആരോഗ്യ മന്ത്രാലയവും ഹമാസും തള്ളി. അൽശിഫ ആശുപത്രിക്കടിയിൽ സൈനിക കേന്ദ്രമുണ്ടെന്ന ആരോപണത്തിന് തെളിവ് നൽകാൻ ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു. ഗസ്സയിലെആകെ മരണം 11,500 കടന്നു. ആക്രമണം കടുത്തതോടെ ബന്ദികളുടെ കൈമാറ്റ ചർച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അഞ്ചു ദിവസത്തെ സമ്പൂർണ വെടിനിർത്തലിന് പകരമായി സ്ത്രീകളും കുട്ടികളുമടക്കം 70 ബന്ദികളെ വിട്ടയക്കാൻ തയാറാണെന്ന് ഹമാസ് ഖത്തർ മധ്യസ്ഥരെ അറിയിച്ചിരുന്നു. പകരം ഇസ്രായേൽതടവിലാക്കിയ 200 ഫലസ്തീൻ ബാലന്മാരെയും 75 സ്ത്രീകളെയും മോചിപ്പിക്കാനും ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇന്ന് ഇസ്രായേൽ യുദ്ധ കാബിനറ്റ് യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊളളും എന്നാണ് സൂചന.
കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ്ഹൗസും തയ്യാറായില്ല. ഗസ്സയിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ കരയുദ്ധം തുടങ്ങിയതുമുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 46 ആയി. 12 സൈനിക വാഹനങ്ങൾ തകർത്തതായും ഏഴു സൈനികരെ കൊലപ്പെടുത്തിയതായും അൽ ഖസ്സാം ബ്രിഗേഡ്വക്താവ് പറഞ്ഞു. ചെങ്കടലിലോ മറ്റേതെങ്കിലും സമുദ്രത്തിലോ ഉള്ള ഇസ്രായേൽ കപ്പലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് ഹൂത്തികളുടെ താക്കീത്. ഈലാത്ത് പ്രദേശത്ത് മിസൈൽ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.