ഗസ്സയിലെ ആക്രമണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ

നാല്​ ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു

Update: 2024-02-22 00:54 GMT
Advertising

ഗസ്സക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ ഭരണകൂടം. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം നാല്​ ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു.

ഐക്യരാഷ്ട്ര സഭയിൽ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോൽപിച്ച അമേരിക്കക്കെതിരെ വലിയ വിമർശനമാണ് ലോക രാജ്യങ്ങൾക്കിടയിൽ നിന്നുണ്ടാവുന്നത്. ഗസ്സയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം ഇത് മൂന്നാം തവണയാണ് അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുന്നത്.

15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്തത്. ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

ഗസ്സയിലെ സാഹചര്യം അമേരിക്ക കൂടുതൽ അപകടകരമാക്കിയെന്ന് ചൈനയുടെ യു.എൻ പ്രതിനിധി ഷാം ജുൻ പ്രതികരിച്ചു. ആധുനിക യുഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശമാണ് ഫലസ്തീനിലേതെന്ന് ഈജിപ്ത് പ്രതിനിധി ജാസ്മിൻ മൂസ കുറ്റപ്പെടുത്തി. റഷ്യ, ഫ്രാൻസ്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ നടപടിയിൽ നിരാശ പ്രകടിപ്പിച്ചു.

ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ആറുദിവസം നീളുന്ന വാദങ്ങൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യു.എസിനായി എത്തിയ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി. വിസെക് ഘോരഘോരം ഇസ്രായേലിനായി വാദിച്ചു. വാദങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനം സ്വയം ഏറ്റെടുത്താണ് യു.എസ് പ്രതിനിധി വാദങ്ങൾ നിരത്തിയത്. ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു വേണ്ടി സ്വന്തം നിലക്ക്​ പ്രമേയവുമായി മുന്നോട്ടു പോകുമെന്നാണ് അമേരിക്ക അറിയിച്ചത്. അന്താരാഷ്ട്ര കോടതിയിൽ 15 അംഗ ജഡ്ജ് പാനൽ നയിക്കുന്ന വാദങ്ങൾ തിങ്കളാഴ്ച അവസാനിക്കും.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 29,000 കടന്നു. ഗസ്സയിൽ ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലേക്കുള്ള സഹായം നിർത്തുന്നത്​ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്ന്​ വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ്​ നൽകി. അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയിട്ടുണ്ട്. 

Summary : Israel reiterates that it will not back down from the attack on Gaza

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News