ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കൊല; രണ്ട് കുടുംബത്തിലെ ​90​ പേരെ ബോംബിട്ട് കൊന്നു ​

ശനിയാഴ്ചയാണ് വീടുകൾക്ക് നേരെ ബോംബുകൾ വർഷിച്ചത്

Update: 2023-12-24 10:37 GMT

ഗസ്സയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബോക്രമണത്തിൽ രണ്ട് കുടുംബത്തിലെ ​90​ പേർ​ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രക്ഷാപ്രവർത്തകരെയും ആശുപത്രി അധികൃതരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇസ്രായേലിന്റെ കൂട്ടക്കൊല റിപ്പോർട്ട് ​ചെയ്തിരിക്കുന്നത്.  ഷെൽ ആക്രമണത്തിൽ വീടുകൾ തകർന്നതിന് പിന്നാലെ അവശേഷിക്കുന്ന ബന്ധുവീടുകളിൽ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടു.കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് കൊല്ല​പ്പെട്ടവരിലേറെയുമെന്നാണ് റിപ്പോർട്ട്.

യു.എൻ അടക്കമുള്ളവർ ഇസ്രായേലിനോട് വെടിനിർത്തൽ ആഹ്വാനം ചെയ്തതിന് പിന്നാ​ലെയാണ് ശനിയാഴ്ച വീടുകൾക്ക് നേരെ ബോംബുകൾ വർഷിച്ചത്. യുദ്ധക്കെടുതികൾ മൂലം ഭക്ഷണവും മരുന്നുമില്ലാതെ ഫലസ്തീനീകൾ മറ്റൊരു ദുരന്തമുഖത്താണെന്നും, അവശ്യ​സാധനങ്ങൾ അടിയന്തരമായെത്തിക്കാൻ അവസരമൊരുക്കണമെന്നും യു.എൻ കഴിഞ്ഞ ദിവസം ​ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വക​വെക്കാതെയാണ് ഫലസ്തീനികളുടെ വീടുകൾക്ക് നേരെ ഇസ്രായേൽ ബോംബേറ് തുടരുന്നത്. ​

Advertising
Advertising

കഴിഞ്ഞ ദിവസം നാല് ഗർഭിണികളെ ഇസ്രായേൽ സൈന്യം വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം ബുൾഡോസർ കയറ്റി മൃതദേഹം വികൃതമാക്കിയതായും ഇവർ പറയുന്നു.

അൽജസീറ ചാനലിനോടാണ് ഒരു ദൃക്‌സാക്ഷി ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. വെളുത്ത പതാകയുമായി ആശുപത്രിയിലേക്കു തിരിച്ച ഫലസ്തീൻ ഗർഭിണികൾക്കുനേരെയായിരുന്നു ഇസ്രായേൽ ക്രൂരത. വടക്കൻ ഗസ്സയിലുള്ള അൽഔദ ആശുപത്രിയിലേക്കു പ്രസവത്തിനായി പുറപ്പെട്ട നാലുപേർക്കുനേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവരുടെ മൃതദേഹത്തിനുമേൽ ബോൾഡോസർ കയറ്റിയത്.

പ്രദേശത്തെ വീടുകളെല്ലാം വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയിട്ടുണ്ടെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഫലസ്തീനി യുവതികളുടെ മൃതദേഹങ്ങളും വികൃതമാക്കപ്പെട്ട നിലയിൽ ദൃശ്യങ്ങളിൽ കാണാം.

അൽഔദ ആശുപത്രിയിലെ ജീവനക്കാരായ സ്ത്രീകളെയും ഇസ്രായേൽ വധിച്ചുകളഞ്ഞതായി കഴിഞ്ഞ ദിവസം ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള കുടിവെള്ള-വൈദ്യുതബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അവശ്യമരുന്നുകൾ പോലും ഇങ്ങോട്ടേക്ക് എത്താൻ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News