വെടിനിർത്തൽ കരാർ: റഫയിൽനിന്ന് ഇസ്രായേൽ സേനയുടെ പിൻമാറ്റം തുടങ്ങി

ഇന്ത്യൻ സമയം 12 മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും

Update: 2025-01-19 03:55 GMT

തെൽ അവീവ്: ഗസ്സയിൽ വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി ഇസ്രായേലി സേനയുടെ പിന്മാറ്റം തുടങ്ങി. നിലവിൽ തെക്കൻ അതിർത്തിയിലുള്ള റഫയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പിൻമാറുന്നതെന്ന് ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള ഫിലാഡൽഫി ഇടനാഴിയിലേക്കാണ് ഇവർ മാറുന്നത്. ഇത് കൂടാതെ തെക്കൻ ഗസ്സയിൽനിന്ന് വടക്കൻ ഗസ്സയിലേക്ക് ജനങ്ങൾ മടങ്ങാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

ഞായറാഴ്ച ഇന്ത്യൻ സമയം 12 മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. മൂന്ന് ബന്ധികളെയാണ് ഹമാസ് ഇന്ന് കൈമാറുക . ഇസ്രായേല്‍ 95 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും.

Advertising
Advertising

അതേസമയം, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിച്ചി​ല്ലെങ്കിൽ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​. കരാർ ലംഘനങ്ങൾ ഇസ്രായേൽ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിന് മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. 

ആവശ്യമെങ്കിൽ അമേരിക്കയുമായി ചേർന്ന്​ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കാൻ മടിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതിൽ വീഴ്ച വന്നാൽ സ്ഥിതി സ്​ഫോടനാത്​മകമായിരിക്കുമെന്നും നിയുക്​ത യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ് മുന്നറിയിപ്പ് നൽകി​. കരാർ വ്യവസ്ഥകളിൽനിന്ന്​ പിറകോട്ടില്ലെന്ന്​ ഹമാസും വ്യക്തമാക്കി. സാ​ങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പേര് വിവരം നൽകാനാകാത്തതെന്നാണ് ഹമാസ് പറയുന്നത്. 

ഇന്ന്​ കാലത്ത്​ പ്രാദേശിക സമയം എട്ടര മുതലാണ്​ മൂന്നു ഘട്ടങ്ങളായുള്ള കരാറിന്‍റെ ആദ്യഘട്ടംപ്രാബല്യത്തിൽ വരിക. ഇന്നലെ ഇസ്രായേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന്​ അംഗീകാരം നൽകിയിരുന്നു. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.

അതേസമയം, വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട്​ ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്​തമായി. ഹമാസിന്​ ഗുണം ചെയ്യുന്നതാണ്​ കരാറെന്ന്​ കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്‍റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന്​ രാജി വെക്കും. കരാറിനെതിരെ രാജ്യത്തിന്റെ പലഭാഗത്തും പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.

അതേസമയം, ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന നെതന്യാഹുവിന്‍റെ ഉറപ്പ്​ മുൻനിർത്തി രാജി തീരുമാനം മാറ്റുന്നതായി ധനമന്ത്രി സ്മോട്രിച്ച് പറഞ്ഞു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണം ഇന്ന്​ വെളുപ്പിനും തുടർന്നു. 23 ഫലസ്തീനികളാണ് ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News