‘ഹമാസിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുന്നവർ സത്യം പറയുന്നില്ല’; നെതന്യാഹുവിനെതിരെ ഇസ്രായേൽ മ​ന്ത്രി

ഗസ്സയിലെ വ്യക്തതയില്ലാത്ത സൈനിക നടപടിക്കെതിരെ കഴിഞ്ഞദിവസം ഐസെൻകോട്ട് രംഗത്തുവന്നിരുന്നു

Update: 2024-01-19 05:47 GMT

ഇസ്രാ​യേൽ യുദ്ധ മന്ത്രിസഭയിലെ തർക്കങ്ങൾ രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ വീണ്ടും രംഗത്തുവന്ന് മന്ത്രി ഗാഡി ഐസെൻകോട്ട്. ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്തുമെന്ന് അവകാശപ്പെടുന്നവർ സത്യം പറയുന്നില്ലെന്ന് ഇസ്രയേലി ചാനൽ 12-നോട് ഐസെൻകോട്ട് പറഞ്ഞു.

ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ ഇസ്രായേലി നേതൃത്വം പൊതുജനങ്ങളോട് സത്യം പറയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertising
Advertising

യുദ്ധാനന്തര ഗസ്സയുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകളിൽ ഏർപ്പെടാൻ നെതന്യാഹു വിസമ്മതിച്ചതിനെയും അദ്ദേഹം വിമർശിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ഇതുവരെ നേടിയിട്ടില്ല. പക്ഷേ കരയിലുള്ള സൈനികരുടെ എണ്ണം പരിമിതമാണ്. അടുത്തതായി എന്താണെന്ന് നിങ്ങൾ ചിന്തിക്കണമെന്നും ഐസെൻകോട്ട് വ്യക്തമാക്കി.

ഗസ്സയിൽ ഹമാസിന്റെ കൈവശമുള്ള തടവുകാരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തതയില്ലാതെ തുടരുന്ന സൈനിക നടപടിക്കെതിരെ കഴിഞ്ഞദിവസം ഐസെൻകോട്ട് രംഗത്തുവന്നിരുന്നു. കൂടാതെ ഒക്ടോബർ ഏഴിന് ശേഷം പ്രകോപനമില്ലാതെ ഹിസ്ബുല്ലയെ ആക്രമിക്കാനുള്ള പദ്ധതിയും ഇദ്ദേഹം തടഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ഐസൻകോട്ടിന്റെ മകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News