ഇസ്രായേലിൽ ക്രിസ്മസ് ആഘോഷത്തിനിടെ ക്രൈസ്തവരെ ആക്രമിച്ച് പൊലീസ്; സാന്താക്ലോസിനെയടക്കം അറസ്റ്റ് ചെയ്തു

പൊലീസ് കസ്റ്റഡിയിലിരിക്കെയും മർദനമേറ്റതായി അറസ്റ്റിലായവർ പറഞ്ഞു.

Update: 2025-12-25 05:28 GMT

ഹൈഫ: ഇസ്രായേലിൽ ക്രിസ്മസ് ആഘോഷം നടത്തിയ ക്രൈസ്തവ സംഘത്തെ ആക്രമിച്ച് പൊലീസ്. സാന്താക്ലോസ് അടക്കമുള്ളവരെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ​ചെയ്ത പൊലീസ്, ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്രായേലിലെ ഹൈഫയിലെ വാദി അൽ നിസ്നാസിലാണ് സംഭവം.

കഴിഞ്ഞദിവസം പ്രദേശത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ പൊലീസ് സംഘം ഇരച്ചെത്തി പരിപാടി തടയുകയും ആക്രമിക്കുകയുമായിരുന്നു. സാന്താക്ലോസിന്റെ വേഷം ധരിച്ച ആളെയും ഡിജെയെയും തെരുവ് കച്ചവടക്കാരനെയും പൊലീസ് ബലംപ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തതായി ഇസ്രായേലിലെ പലസ്തീൻ പൗരന്മാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ മൊസാവ സെന്റർ പറഞ്ഞു.

Advertising
Advertising

ആവശ്യമായ നോട്ടീസോ അറിയിപ്പോ ഇല്ലാതെ പൊലീസ് സം​ഗീത സ്ഥാപനം റെയ്ഡ് ചെയ്തതായും മൊസാവ സെന്റർ വ്യക്തമാക്കി. സാന്താക്ലോസ് വേഷമണിഞ്ഞ യുവാവിനെ പൊലീസ് ബലംപ്രയോ​ഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതീ യുവാക്കളെ മർദിക്കുകയും തലയിൽ കാലമർത്തി ഞെരിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തെരുവിൽ അവതരിപ്പിക്കുന്ന പരമ്പരാഗത ഡാബ്കെ നൃത്തം പൊലീസ് തടസപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അറസ്റ്റ് ചെയ്തവരെ പിറ്റേദിവസമാണ് പൊലീസ് വിട്ടയച്ചത്.

പൊലീസ് കസ്റ്റഡിയിലിരിക്കെയും മർദനമേറ്റതായി അറസ്റ്റിലായവർ പറഞ്ഞു. മർദനത്തിൽ തോളെല്ലിന് പരിക്കേറ്റതായും മോചിതരമായ ശേഷം ആശുപത്രിയിൽ ചികിത്സ തേടിയതായും അവർ കൂട്ടിച്ചേർത്തു. അമിത ശബ്ദമുണ്ടാക്കിയെന്നും പൊതുക്രമസമാധാനം തകർത്തെന്നും ആരോപിച്ചായിരുന്നു പൊലീസ് നടപടി. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News