തൊണ്ണൂറിലധികം പേരുടെ വാട്സ് അപ് അക്കൗണ്ടുകൾ ഇസ്രായേലി സ്പൈവെയർ ഹാക്ക് ചെയ്തതായി അവകാശപ്പെട്ട് മെറ്റ
ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള, ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് വാട്സാപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
കാലിഫോർണിയ : മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 90ഓളം വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തി വാട്സ് ആപിന്റെ മാതൃകമ്പനിയായ മെറ്റ. ഇസ്രായേലി സ്പൈവെയർ കമ്പനിയായ പാരഗൺ സൊലൂഷൻസാണ് ഹാക്കിങ് നടത്തിയത്. ഇതിനെതിരെ മെറ്റ പാരഗണിന് കത്തയച്ചതായും റിപ്പോർട്ട്.
ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള, ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് വാട്സാപ്പ് ഇതുവരെ വെളിപ്പെടുത്തിയില്ല. ഇതിന്‍റെ വിശദാംശങ്ങൾ ചാരപ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ സിറ്റിസൺ ലാബിന് കൈമാറിയതായും വാട്സാപ്പ് അധികൃതർ അറിയിച്ചു. പാരഗണാണ് ഉത്തരവാദിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്ന ചോദ്യത്തിന് അതികൃതർ പ്രതികരിച്ചില്ല. നിയമപാലകരെയും വ്യവസായ പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്നും വിശദാംശങ്ങളിലേക്ക് കടക്കില്ലെന്നും അവർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ പാരഗൺ സൊലൂഷൻസ് ഇതുവരെയും തയാറായിട്ടില്ല.
വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പാരാഗൺ സ്‌പൈവെയറിൻ്റെ ചാര പണി, സ്‌പൈവെയറുകളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ഓർമപ്പെടുത്തലാണെന്നും തുടരെയുള്ള സംഭവങ്ങളിൽ നിന്ന് പരിചിതമായ പാറ്റേണുകളാണ് കാണുന്നതെന്നും സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്കോട്ട് റൈൽടോൺ പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും തങ്ങളുടെ സേവനം അനിവാര്യമെന്ന ലേബലിലാണ് ചാര സോഫ്റ്റ്‌വെയറുകൾ പാരഗൺ വിൽക്കുന്നത്. ഇസ്രായേൽ നിർമ്മിത പെഗാസസ് സ്പൈവെയർ ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയിരുന്നതായി സമീപകാല റിപോർട്ടുകൾ കണ്ടെത്തിയിരുന്നു.
മുൻ ഇസ്രായേലി പ്രധാനമന്ത്രി എഹുദ് ബരാക്കും ചേർന്ന് സ്ഥാപിച്ച പാരഗൺ , 2024ൽ 900 മില്യൺ ഡോളറിന് യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എഇ ഇൻഡസ്ട്രിയൽ പാർട്‌ണേഴ്‌സിന് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു.