'ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു'; ശാസ്ത്രീയ തെളിവുകൾ നിരത്തി ജെയിംസ് കാമറൂൺ

14 ഓസ്‌കാർ നോമിനേഷനുകളും 11 ഓസ്‌കാർ അവാർഡുകളും നേടിയ ചിത്രമാണ് ടൈറ്റാനിക്

Update: 2022-12-19 09:40 GMT
Advertising

ഇന്നും ചർച്ചകളിൽ നിറയുന്ന ക്ലൈമാക്‌സുകളിലൊന്നാണ് ടൈറ്റാനിക്കിന്റേത്. മരത്തടിയിൽ ഒരാൾക്കു കൂടി സ്ഥലമുണ്ടായിരുന്നിട്ടും കേറ്റ് വിൻസ്ലെറ്റ് അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം ജാക്കിനെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ജാക്കിനെ ജീവിപ്പിക്കാമായിരുന്നു എന്നതുമൊക്കെ ചിത്രം റിലീസ് ആയതുമുതൽ ആരാധകരുടെ തർക്കവിഷയങ്ങളാണ്.

ഈ ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂൺ. റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തിൽ ആരെങ്കിലും ഒരാളേ രക്ഷപെടുമായിരുന്നുള്ളൂ എന്നും ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നുമാണ് കാമറൂണിന്റെ വാദം. കനേഡിയൻ മാധ്യമമായ പോസ്റ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തൽ.

"ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ജാക്കിന്റെയും റോസിന്റെ അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ച് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നത്. ഹൈപോതെർമിയ എക്‌സ്പർട്ടിനെ ഉപയോഗിച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള ആളുകളെ വെച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത്, അത്തരമൊരു സാഹചര്യത്തിൽ ആരെങ്കിലും ഒരാൾക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്". കാമറൂൺ പറയുന്നു.

1997ലാണ് ടൈറ്റാനിക് റിലീസ് ചെയ്യുന്നത്. 14 ഓസ്‌കാർ നോമിനേഷനുകളും 11 ഓസ്‌കാർ അവാർഡുകളും നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. ജാക്കിന്റെ മരണം കലാപരമായ കാരണങ്ങൾ മൂലം ചിത്രത്തിൽ അനിവാര്യമായിരുന്നു എന്ന് നേരത്തേയും പല അഭിമുഖങ്ങളിലും കാമറൂൺ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News