'ഗസ്സയിൽ നിന്ന്​ ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ല'; ഇസ്രായേൽ പ്രതിരോധ മന്ത്രി

മന്ത്രിയുടെ നിലപാട്​ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക്​ തിരിച്ചടിയാകും

Update: 2025-12-24 02:10 GMT
Editor : Jaisy Thomas | By : Web Desk

 Photo| REUTERS

തെൽ അവിവ്: ഗസ്സയിൽ നിന്ന്​ ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി. മന്ത്രിയുടെ നിലപാട്​ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക്​ തിരിച്ചടിയാകും. മരുന്നും ഉപകരണങ്ങളും ഇല്ലാതെ ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്​ധിയിലായിരിക്കുകയാണ്.

ഗസ്സയിൽ സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടാകുമെന്നും സമാധാന പദ്ധതിയുടെ പേരിൽ ഇക്കാര്യത്തിൽ പിറകോട്ടില്ലെന്നുമാണ് ​ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്​സ് പ്രഖ്യാപിച്ചത്​. സൈനിക യൂണിറ്റ്​ ഗസ്സയിൽ നിലയുറപ്പിക്കുമെന്നും സുരക്ഷക്ക്​ അത്​ ഏറെ അനിവാര്യമാണെന്നും കാറ്റ്​സ്​ വ്യക്​തമാക്കി. യുഎസ്​ പ്രസിഡന്‍റ് ​ഡൊണാൾഡ്​ ട്രംപിന്‍റെ ഇരുപതിന സമാധാന പദ്ധതിയുമായി ബന്​ധപ്പെട്ട നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ്​ ഇസ്രായേൽ മന്ത്രിയുടെ പ്രകോപനപ്രസ്താവന. ഈ മാസം 29നാണ്​ ​ ട്രംപുമായി ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അമേരിക്കയലേക്ക്​ തിരിക്കുന്നത്​.

Advertising
Advertising

മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്​, ഖത്തർ, തുർക്കി രാജ്യങ്ങളുമായി കഴിഞ്ഞ ദിവസം യുഎസ്​ പശ്​ചമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്കോഫ്​ അമേരിക്കൻ നഗരമായ മിയാമിയിൽ ചർച്ച നടത്തിയിരുന്നു. അന്താരാഷ്​ട്ര സൈനിക വിന്യാസത്തോടെ ഗസ്സയിൽ നിന്ന്​ ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങണം എന്നതാണ്​ സമാധാന പദ്ധതിയിൽ പറയുന്നത്​. അതിനിടെ, ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്​ധിയിലാണെന്ന്​ റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നു. മരുന്നും ഉപകരണങ്ങളും ഇല്ലാതെ മിക്ക ആശുപത്രികളും വലയുകയാണ്​.

മതിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന്​ ഫലസ്തീൻ രോഗികൾ ഇതിനകം മരിച്ചതായി ഗസ്സയിലെ ഫലസ്തീൻ മെഡിക്കൽ റിലീഫ്​ സൊസൈറ്റി മേധാവി മുഹമ്മദ്​ അബൂ അഫാസ്​ അറിയിച്ചു. അതിശൈത്യം തുടരുന്ന ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കണമെന്ന അഭ്യർഥനയും ഇസ്രായേൽ തള്ളുകയാണ്​. അതിനിടെ, ജറൂസലം ഉൾപ്പെടെ അധിനിവിഷ്ടവെസ്റ്റ്​ ബാങ്ക് പ്രദേശങ്ങളിൽ വിപുലമായ കുടിയേറ്റ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള ഇസ്രയേൽ നീക്കം തടയണമെന്ന്​ ഫലസ്തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News