ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ആളിക്കത്തി; കസാക്കിസ്ഥാൻ സർക്കാർ രാജിവെച്ചു

തെരുവുകളിൽ ജനങ്ങളും പൊലീസും ഏറ്റുമുട്ടി; പ്രതിഷേധം നിയന്ത്രിക്കാനാവാതെ സർക്കാർ മുട്ടുമടക്കി

Update: 2022-01-05 08:23 GMT
Editor : Lissy P | By : Web Desk
Advertising

ഇന്ധനവില ക്രമാതീതമായി വർധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ രാജിവെച്ചൊഴിഞ്ഞ് കസാക്കിസ്ഥാൻ സർക്കാർ.  പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധം തണുപ്പിക്കാനോ ജനങ്ങളെ നിയന്ത്രിക്കാനോ സാധിക്കാതെ വന്നതിനാൽ രാജിവെക്കുന്നതായി പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് അറിയിച്ചു. പ്രസിഡന്റിന്റെ രാജി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

മംഗ്സ്റ്റോവ് മേഖലയിലുള്ളവർ വാഹനങ്ങളുടെ പ്രധാന ഇന്ധനമായി എൽ.പി.ജിയെയാണ് ആശ്രയിക്കുന്നത്.ഗ്യാസോലിൽ ഉപയോഗിക്കുന്നതിനേക്കാൾ വില കുറവായതിനാലാണ് ജനങ്ങൾ എൽ.പി.ജിയെ ആശ്രയിക്കുന്നത്. എൽ.പി.ജി വില പരിധി അധികൃതർ എടുത്തുകളഞ്ഞതിനെ തുടർന്ന്   ഇന്ധന വില വൻതോതിൽ കൂടുകയായിരുന്നു. ഇന്ധന വിലയിലെ കുതിച്ചുചാട്ടം ഭക്ഷണമടക്കമുള്ള മറ്റ് ജീവിതചെലവുകളെയും സാരമായി ബാധിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി.  കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലെ പ്രധാന ചത്വരത്തിൽ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചു.  അൽമാട്ടിയിലെ സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി

ഇന്ധനവില കുതിച്ചുയർന്നതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ ഷാനോസെനിലെ മംഗ്സ്റ്റോ ഓയിൽ ഹബ്ബിലാണ് ആദ്യം നടന്നത്. തുടർന്ന്  പ്രവിശ്യാ കേന്ദ്രമായ അക്തൗ, ടെംഗിഷെവ്റോയിൽ വർക്കർ ക്യാമ്പ് തുടങ്ങി മാംഗ്സ്റ്റോവിലെയും പടിഞ്ഞാറൻ കസാക്കിസ്ഥാന്റെയും മറ്റ് ഭാഗങ്ങളിലേക്കും പ്രകടനങ്ങൾ വ്യാപിച്ചു. ചൊവ്വാഴ്ച രാത്രി അൽമാട്ടിയിലെ പ്രതിഷേധ റാലിയിൽ അയ്യായിരത്തിലധികം പ്രതിഷേധക്കാർ ഉണ്ടായിരുന്നെന്ന് എ.എഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് രാജ്യത്തിന്റെ പലഭാഗങ്ങളിലും അടിയന്തരാവസ്ഥയും രാത്രികർഫ്യുവും പ്രഖ്യാപിച്ചിരുന്നു.  പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് എൽ.പിജി വില കുറയ്ക്കാൻ സർക്കാർ നീക്കം നടത്തുമെന്ന് ടോകയേവ് ചൊവ്വാഴ്ച ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു. എന്നാൽ ജനങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല.. ഇതോടുകൂടിയാണ് രാജിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News