അഞ്ച് ദിവസത്തിനിടെ റഷ്യയുടെ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 9 പേര്‍ക്ക് പരിക്കേറ്റതായി കിയവ്

ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ റെസ്ക്യൂ സര്‍വീസ് അറിയിച്ചു

Update: 2024-03-26 03:45 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കിയവ്: യുക്രേനിയന്‍ നഗരങ്ങള്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നു തവണയാണ് കിയവിന് നേരെ മോസ്കോ മിസൈലുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ റെസ്ക്യൂ സര്‍വീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ സെന്‍ട്രല്‍ കിയവിലെ മൂന്നുനില കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.പെച്ചർസ്‌കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മിസൈൽ അവശിഷ്ടങ്ങൾ രണ്ട് ജില്ലകളിലെ വീടുകൾക്കും മറ്റൊരു ജില്ലയിൽ ഒരു പ്രാദേശിക കോളേജ് ജിമ്മിനും കേടുവരുത്തിയതായി യുക്രൈന്‍ പൊലീസ് വ്യക്തമാക്കി. ക്രിമിയയിൽ നിന്ന് റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കിയവിലേക്ക് തൊടുത്തുവിട്ടെങ്കിലും രണ്ടും നഗരത്തിന് മുകളിൽ തടഞ്ഞുവെന്ന് കിയവ് സിറ്റി മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി സെർഹി പോപ്‌കോ പറഞ്ഞു. ആറാഴ്ചക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യ ആദ്യമായി കിയവിനെ ആക്രമിക്കുന്നത്. പുലര്‍ച്ചെ രണ്ട് ഡസനിലധികം മിസൈലുകള്‍ തൊടുത്തുവിട്ടു. വെള്ളിയാഴ്ച യുക്രൈന്‍റെ ഊര്‍ജ മേഖലകള്‍ ലക്ഷ്യമാക്കിയായിരുന്നു വന്‍ ആക്രമണം. യുക്രൈന്‍ റഷ്യക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയായിരുന്നു.

ബെൽഗൊറോഡിന് നേരെയുള്ള യുക്രേനിയൻ ഷെല്ലാക്രമണം ഏകദേശം 9,000 കുട്ടികളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിലേക്ക് റഷ്യയെ നയിച്ചിരുന്നു. മോസ്കോ ഭീകരാക്രമണം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് കിയവില്‍ ബോംബാക്രമണം ഉണ്ടായത്. 133 പേര്‍ കൊല്ലപ്പെട്ട ആക്രമണം യുക്രൈന്‍റെ സഹായത്തോടെയാണ് നടന്നതെന്നും വലിയ വില നല്‍കേണ്ടി വരുമെന്നും റഷ്യ ആരോപിച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News