'ഇസ്രായേല്‍ ആണവ പദ്ധതിയെ കെന്നഡി എതിര്‍ത്തു; പിന്നാലെ കൊല്ലപ്പെട്ടു'-വിവാദത്തിനു തിരികൊളുത്തി ട്രംപ് ക്യാംപിലെ തീപ്പൊരി നേതാവ്

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാവാണ് മാര്‍ജോറി. ഗസ്സയിലും ഇറാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന നിലപാടുകാരിയാണ്. അതേ നിലപാടുള്ള 'മാഗ' പക്ഷത്തിന്‍റെ മുന്നണിപ്പോരാളിയുമാണ്

Update: 2025-06-27 06:13 GMT
Editor : Shaheer | By : Web Desk

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം. 1963ല്‍ നടന്ന സംഭവത്തിനു പിന്നില്‍ ഇസ്രായേലിന്റെ ആണവായുധ പദ്ധതിയോടുള്ള എതിര്‍പ്പായിരുന്നുവെന്ന വാദങ്ങള്‍ മുന്‍പും പലരും പലസമയത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കെന്നഡി വധവും ഇസ്രായേല്‍ ബന്ധവും ഒരിക്കല്‍കൂടി അമേരിക്കയില്‍ ചര്‍ച്ചയാകുകയാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫയര്‍ബ്രാന്‍ഡ് നേതാവും ഡൊണാള്‍ഡ് ട്രംപിന്റെ 'മാഗ' ടീമിലെ മുന്‍നിര പോരാളിയുമായ മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ ആണ് ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുന്നതെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ജോര്‍ജിയയില്‍നിന്നുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം കൂടിയാണ് മാര്‍ജോറി.

Advertising
Advertising
Full View

മാര്‍ജോറിയുടെ ഒരു ദീര്‍ഘമായ എക്‌സ് പോസ്റ്റാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാവാണ് അവര്‍. ഗസ്സയിലും ഇറാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന നിലപാടുകാരിയാണ്. അതുമാത്രവുമല്ല, അതേ നിലപാടുള്ള 'മാഗ' പക്ഷത്തിന്‍റെ മുന്നണിപ്പോരാളിയുമാണ്. മാര്‍ജോറിയുടെ യുദ്ധവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ഫോക്‌സ് ന്യൂസ് അവതാരകനും ജൂത മാധ്യമപ്രവര്‍ത്തകനുമായ മാര്‍ക്ക് ആര്‍ ലെവിന്‍ ഭീഷണിസ്വരത്തിലുള്ള ഒരു പോസ്റ്റിട്ടിരുന്നു കഴിഞ്ഞ ദിവസം. ആ പോസ്റ്റിനോട് പ്രതികരിക്കവെയാണ് കെന്നഡി വധവും ഇസ്രായേല്‍ ആണവപദ്ധതിയും ചേര്‍ത്തുവച്ചുള്ള പഴയ ആരോപണങ്ങള്‍ മാര്‍ജോറി ഉയര്‍ത്തിയത്.

മാര്‍ക്ക് ലെവ് മാര്‍ജോറിക്കെതിരെ എക്‌സിലൂടെ ഉയര്‍ത്തിയ ഭീഷണി ഇങ്ങനെയായിരുന്നു: 'താങ്കള്‍ വിഡ്ഢിയാണോ... താങ്കളെ അവഗണിച്ച് പ്രസിഡന്റ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിരിക്കുന്നു. അതില്‍ വളരെ അസ്വസ്ഥയാണു താങ്കളെന്നു തോന്നുന്നു. ഞാന്‍ വിടാന്‍ പോകുന്നില്ല. താങ്കള്‍ എന്റെ നിരീക്ഷണത്തിലുണ്ട്.'

തനിക്ക് ചില മനോരോഗികള്‍ ദിവസവും അയയ്ക്കുന്ന വധഭീഷണിക്കു സമാനമാണു താങ്കളുടെ ഭാഷയും എന്നായിരുന്നു മാര്‍ജോറി ഇതിനോട് പ്രതികരിച്ചത്. ഈ നിലപാടുകള്‍ ഫോക്‌സ് ന്യൂസ് അംഗീകരിക്കുന്നുണ്ടെങ്കില്‍ ലജ്ജാകരമാണ്. ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ഈ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നു പറഞ്ഞാണ് അവര്‍, ജോണ്‍ എഫ് കെന്നഡി വധവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമുയര്‍ത്തിയത്.

അതിങ്ങനെയായിരുന്നു: ''അമേരിക്കന്‍ ജനത ഒന്നാകെ സ്‌നേഹിച്ച ഒരു മഹാനായ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹം ഇസ്രായേലിന്റെ ആണവ പദ്ധതിയെ എതിര്‍ത്തു. പിന്നാലെ കൊല്ലപ്പെടുകയും ചെയ്തു. ഞാന്‍ സമാധാനത്തിനു വേണ്ടിയാണു നിലകൊള്ളുന്നത്. ഇസ്രായേല്‍ നടത്തുന്നതടക്കമുള്ള എല്ലാ യുദ്ധങ്ങളെയും എതിര്‍ക്കുന്നു. അതിന്‍രെ പേരില്‍ എന്റെ ജീവനും അപകടത്തിലാണെന്നു ഞാന്‍ ഭയക്കണോ?''-ഇങ്ങനെയായിരുന്നു മാര്‍ജോറിയുടെ കുറിപ്പ്. ഇറാനെതിരെ ആക്രമണം തുടര്‍ന്ന ഇസ്രായേലിനെ രൂക്ഷമായി ശകാരിച്ച പ്രസിഡന്റ് ട്രംപിന്റെ സ്ഥിതി എന്താകുമെന്നും കെന്നഡിയുടെ അനുഭവം ചൂണ്ടിക്കാട്ടി മാര്‍ജോറി ഗ്രീന്‍ ചോദിക്കുന്നുണ്ട്.

ഗ്രീനിന്റെ പരാമര്‍ശം യുഎസ് രാഷ്ട്രീയമണ്ഡലത്തില്‍ വലിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. പ്രത്യേകിച്ചും പുതിയ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തില്‍. ഇറാനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ 'മാഗ' ടീമില്‍ ഉടലെടുത്ത ഭിന്നതയുടെയും തര്‍ക്കങ്ങളുടെയും തുടര്‍ച്ച തന്നെയാണു പുതിയ വിവാദവും. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ യുദ്ധക്കൊതിയന്മാരെയും യുദ്ധങ്ങളുടെ പങ്കുപറ്റുന്നവരെയെല്ലാം പുറത്താക്കി, ലോകത്ത് സമാധാനം സ്ഥാപിക്കുമെന്നായിരുന്നു 2024ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നടത്തിയ വലിയൊരു പ്രഖ്യാപനം. സമാധാനപാലകനും ഐക്യത്തിന്റെ വക്താവുമാണെന്നതായിരിക്കും തന്റെ പാരമ്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ യുദ്ധങ്ങള്‍ തുടങ്ങാനോ, ഏതെങ്കിലും യുദ്ധങ്ങളില്‍ പങ്കാളിയാകാനോ ഇനി അമേരിക്കയെ കിട്ടില്ലെന്നും പ്രഖ്യാപനങ്ങള്‍ പോകുന്നുണ്ട്.

യുഎസ് പൗരന്മാരുടെ നികുതിപ്പണം ലോകത്ത് എവിടെയെങ്കിലും നടക്കുന്ന യുദ്ധങ്ങളില്‍ കൊണ്ടുപോയി കത്തിക്കാനുള്ളതല്ല. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കപ്പുറം, ഏതെങ്കിലും രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ളതല്ല യുഎസ് പൗരന്മാരുടെ നികുതിപ്പണം എന്നു തുടങ്ങുന്ന ട്രംപ് ടീമിന്റെ വലിയ പ്രഖ്യാപനങ്ങളാണ് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' അഥവാ മാഗയുടെ അടിത്തറ തന്നെ. ആ വൈകാരികത ഇളക്കിമറിച്ചാണ് ട്രംപ് ഒരിക്കല്‍കൂടി വൈറ്റ് ഹൗസിന്റെ പടികടക്കുന്നതും. എന്നാല്‍, ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് ആയുധമായും സാമ്പത്തികമായും ബൈഡന്‍ നല്‍കിവന്നിരുന്ന സഹായങ്ങള്‍ ട്രംപ് ഭരണകൂടവും തുടരുന്നതില്‍ അതേ 'മാഗ' ക്യാംപില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. അപ്പോഴും മുന്‍ യുഎസ് ഭരണകൂടങ്ങളില്‍നിന്നു വ്യത്യസ്തമായി ഇസ്രായേലിന്റെ യുദ്ധതാല്‍പര്യങ്ങളോട് അല്‍പം അകലം പാലിച്ചു ട്രംപ്. പലപ്പോഴും ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇസ്രായേലിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും കണ്ടു. പശ്ചിമേഷ്യ സന്ദര്‍ശിച്ചിട്ടും ഇസ്രായേലിലേക്ക് തിരിഞ്ഞുനോക്കാതെ യുഎസ് പ്രസിഡന്റ് നാട്ടിലേക്കു മടങ്ങിയ അപൂര്‍വ സന്ദര്‍ഭവും ഇതിനിടെയുണ്ടായി.

ഇറാനെ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ പ്ലാന്‍ ട്രംപ് ആദ്യം പൊളിക്കുന്നതും അതേ നിലപാടിന്റെ തുടര്‍ച്ചയായാണ്. ഇസ്രായേല്‍ അറിയാതെ ഹൂത്തികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും അങ്ങനെത്തന്നെ. എന്നാല്‍, ഇറാനെ ഇസ്രായേല്‍ ആക്രമിച്ചതോടെ ട്രംപിന്റെ ഉറച്ച നിലപാട് ഇളകുന്നതു കണ്ടു. ആക്രമണത്തില്‍ തങ്ങള്‍ പങ്കാളികളല്ലെന്ന് ജൂണ്‍ 13നു തന്നെ, ട്രംപും യുഎസ് ഭരണകൂടവും തിടുക്കപ്പെട്ടു പ്രഖ്യാപിച്ചത് 'മാഗ' അനുയായികളുടെ രോഷം കൂടി ഭയന്നായിരുന്നു. എന്നാല്‍, ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും വ്യക്തമാക്കി. ഇറാന്റെ പ്രത്യാക്രമണം കടുത്തതോടെ, നെതന്യാഹു അമേരിക്കന്‍ ഇടപെടല്‍ പരസ്യമായി ആവശ്യപ്പെട്ടെങ്കിലും ട്രംപ് ആദ്യമൊന്ന് മടിച്ചു. ഒടുവില്‍ ബങ്കര്‍ ബസ്റ്ററുകളുമായി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ആക്രമണം നടത്തുകയും പെട്ടെന്നു കാര്യങ്ങള്‍ അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഖത്തറിലെ സ്വന്തം സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍ തിരിച്ചടിച്ചപ്പോഴും ഒന്ന് അപലപിക്കുക പോലും ചെയ്തില്ല യുഎസ് പ്രസിഡന്റ്. പകരം, ഇതോടെ എല്ലാം അവസാനിപ്പിക്കാം, ഇനി സമാധാനമാകാം എന്നു പറഞ്ഞ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഗസ്സ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തോടെ റിപബ്ലിക്കന്‍മാരില്‍, പ്രത്യേകിച്ചും 'മാഗ' ടീമില്‍ വലിയൊരു വിഭാഗവും ഇസ്രായേലിനെതിരെ തിരിഞ്ഞിരുന്നു. ഇസ്രായേലിന്റെയും അവരുടെ നേതാക്കളുടെയും വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി യുദ്ധത്തില്‍ യുഎസ് ഇടപെടേണ്ടെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ഇനി കെന്നഡിയുടെ കൊലപാതകത്തിലേക്കും മാര്‍ജോറി ഉയര്‍ത്തിയ ആരോപണത്തിലേക്കും വരാം... 1963 നവംബര്‍ 22നാണ് ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം നടക്കുന്നത്. അന്ന് വെറും 24 വയസ് പ്രായമുണ്ടായിരുന്ന ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന പഴയ യുഎസ് നാവിക സൈനികനായിരുന്നു കെന്നഡിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ടെക്‌സസിലെ ഡാലസില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് മുന്‍പായി ഉച്ചഭക്ഷണം കഴിക്കാനായി ഡാലസിലെ ഡീലി പ്ലാസയിലൂടെ ഭാര്യ ജാക്കുലിന്‍

കെന്നഡിക്കും ടെക്‌സസ് ഗവര്‍ണര്‍ ജോണ്‍ കോണലിക്കും അദ്ദേഹത്തിന്റെ ജീവിതപങ്കാളിക്കും ഒപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു കെന്നഡി. ആ സമയത്ത് അതേ പാതയിലുള്ള ടെക്‌സസ് സ്‌കൂള്‍ ബുക്ക് ഡെപ്പോസിറ്ററിയുടെ ആറാം നിലയില്‍ തോക്കുമായി നിലയുറപ്പിച്ചിരുന്നു ലീ ഹാര്‍വി ഓസ്വാള്‍ഡ്.

വാഹനം തൊട്ടുമുന്നില്‍ എത്തിയതും കെന്നഡിയെ ലക്ഷ്യമാക്കി കൈയിലുള്ള 6.5 എംഎ കാര്‍ക്കാനോ തോക്കിന്റെ കാഞ്ചി വലിച്ചു. ആദ്യ ഷോട്ട് ലക്ഷ്യം കണ്ടില്ല. വീണ്ടും വെടിയുതിര്‍ത്തു. ഇത്തവണ കെന്നഡിയുടെ കഴുത്തിലൂടെയാണ് ആ തിര പുറത്തുകടന്നത്. തൊട്ടുപിന്നാലെ മൂന്നാമത്തെ വെടിയും പൊട്ടിച്ചു. അത് പതിച്ചത് അദ്ദേഹത്തിന്റെ തലയില്‍.

വെടിയേറ്റു വീണ കെന്നഡിയെ ഉടന്‍ തൊട്ടടുത്തുള്ള പാര്‍ക് ലാന്‍ഡ് മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരമണിക്കൂറിനകം കെന്നഡി അന്ത്യശ്വാസം വലിക്കുകയും ചെയ്തു. വെടിവയ്പ്പിനു പിന്നാലെ ഓസ്വാള്‍ഡ് ഓടിരക്ഷപ്പെട്ടെങ്കിലും അന്ന് വൈകീട്ടോടെ നഗരത്തിലെ ഒരു തിയറ്ററില്‍നിന്ന് പൊലീസിന്റെ പിടിയിലായി. പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസത്തിനുശേഷം ജാക്ക് ലിയോണ്‍ റൂബി എന്നൊരു ഒരു നൈറ്റ് ക്ലബ് ഉടമ പ്രതിയെ വകവരുത്തുകയും ചെയ്യുന്നു.

കെന്നഡിയുടെ മരണത്തിനു പിന്നാലെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലിന്‍ഡണ്‍ ബി ജോണ്‍സണ്‍, യുഎസ് ചീഫ് ജസ്റ്റിസായിരുന്ന ഏള്‍ വാറന്റിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചു. ഒരു വര്‍ഷമെടുത്തു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതും വലിയ വിവാദമായി. കൊലപാതകത്തിനു പിന്നാലെ ഉയര്‍ന്ന സംശയങ്ങളും ദുരൂഹതകളുമെല്ലാം സമ്പൂര്‍ണമായി നിഷേധിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ഓസ്വാള്‍ഡ് ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നും അയാള്‍ക്ക് പിന്നില്‍ മറ്റാരും

പ്രവര്‍ത്തിച്ചിട്ടില്ലെന്നുമായിരുന്നു പ്രധാന കണ്ടെത്തല്‍. കൊല നടത്താനായി എന്തെങ്കിലും ഗൂഢാലോചനയില്‍ പ്രതി പങ്കാളിയാവുകയോ അമേരിക്കയിലോ വിദേശത്തോ ഉള്ള ഏതെങ്കിലും കക്ഷികളുടെ സഹായം ലഭിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്ക. ഓസ്വാള്‍ഡിന്റെ പ്രകോപനം എന്താണെന്നതിനെകുറിച്ച് പക്ഷേ ഒരു തുമ്പുണ്ടാക്കാനും കമ്മീഷന് ആയതുമില്ല.

വാറന്‍ കമ്മീഷന്റെ കണ്ടത്തലുകളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും വിശ്വാസത്തിലെടുത്തില്ല എന്നതാണ് വസ്തുത. മാധ്യമ പ്രവര്‍ത്തകരും ചരിത്രകാരന്മാരും നിയമവിദഗ്ധരും അക്കാദമിക്കുകളും രാഷ്ട്രീയക്കാരും അങ്ങനെയങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവരെല്ലാം കമ്മീഷന്റെ അന്വേഷണത്തിലും കണ്ടെത്തലുകളിലും സംശയങ്ങള്‍ ഉയര്‍ത്തി. അമേരിക്കന്‍ ചാരസംഘം സിഐഎയ്ക്കും ഇസ്രായേല്‍ ചാരസംഘം മൊസാദിനും കെന്നഡി കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തിലുള്ള സംശയമാണ് പൊതുസമൂഹത്തില്‍

ബലപ്പെട്ടത്. ക്യൂബയില്‍ നടത്തിയ ബേ ഓഫ് പിഗ്‌സ് ആക്രമണം പരാജയപ്പെട്ടതുതൊട്ട് പ്രസിഡന്റ് സിഐഎയെ സംശയിച്ചുതുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഏജന്‍സി ഉടച്ചു വാര്‍ക്കാന്‍ കെന്നഡി നീക്കം നടത്തുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. കൊലയാളി ഓസ്വാള്‍ഡ് എത്രയോ നാളായി സിഐഎയുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതായും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

മൊസാദിന്റെ കരങ്ങള്‍ സംശയിക്കപ്പെട്ടത് ഒരു ആണവ പദ്ധതിയുടെ പേരിലായിരുന്നു. 1960കളുടെ തുടക്കത്തില്‍ നെഗേവ് മരുഭൂമിയില്‍ ഇസ്രായേല്‍ തുടക്കമിട്ട ആണവ പരീക്ഷണമായിരുന്നു പ്രകോപനം. ഡിമോണ എന്ന പേരിലുള്ള ആണവനിലയത്തില്‍ അതീവ രഹസ്യമായായിരുന്നു ഇസ്രായേലിന്റെ ആയുധ പരീക്ഷണം. അമേരിക്ക ആ വിവരം അറിയാന്‍ വര്‍ഷങ്ങളെടുത്തു. കെന്നഡിയെയും യുഎസ് വൃത്തങ്ങളെയും തെല്ലൊന്നുമല്ല അതു ചൊടിപ്പിച്ചത്. യുഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണവനിലയത്തില്‍ പലതവണ പരിശോധന നടന്നു. ഒടുവില്‍ കെന്നഡി കടുപ്പിച്ചതോടെ നിലയത്തിലെ ആണവ പരീക്ഷണം ഇസ്രായേല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെയാണ് കെന്നഡിയെ വകവരുത്താനുള്ള ആലോചനകളിലേക്ക് ഇസ്രായേല്‍ കടക്കുന്നതെന്നായിരുന്നു മറ്റൊരു പ്രചാരണം.

2016ല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് നാഷനല്‍ സെക്യൂരിറ്റി ആര്‍ക്കെവ്‌സ് പുറത്തുവിട്ട രേഖകളില്‍ ഡിമോണ ആണവ പദ്ധതിയെ കുറിച്ചും പറയുന്നുണ്ട്. ആണവ പരീക്ഷണം കെന്നഡി സൂക്ഷ്മമായി നിരീക്ഷിക്കുകയും അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂരിയനെ സമ്മര്‍ദം ചെലുത്തി പദ്ധതി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്‌തെന്നാണു രേഖയില്‍ പറയുന്നത്.

എന്നാല്‍, മൊസാദിനോ ഇസ്രായേലിനോ കെന്നഡി വധത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ഏറ്റവുമൊടുവില്‍ മാസങ്ങള്‍ക്കുമുന്‍പ് ദിവസം ട്രംപ് ഭരണകൂടം പുറത്തുവിട്ട 63,000 പേജുള്ള രഹസ്യരേഖകളിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒന്നുമുണ്ടായിരുന്നില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News