6 കോടി ഐസ്ഫിഷുകളുടെ ബ്രീഡിംഗ് കോളനി; അന്റാര്‍ട്ടിക്കയിലെ വെഡല്‍ സമുദ്രത്തിനടിയിലെ അത്ഭുതക്കാഴ്ച

ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെജെനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകവിദ്യാര്‍ത്ഥിയായ ലിലിയന്‍ ബോഹ്‌റിംഗര്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ മത്സ്യ പ്രജനന മേഖല കണ്ടെത്തിയത്

Update: 2022-01-20 07:07 GMT
Advertising

സൗരയുഥവും കടന്ന് ബഹിരാകാശത്തിന്റെ അനന്തയിലേക്ക് മനുഷ്യന്റെ അന്വേഷണങ്ങള്‍ നീളുന്നു. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന ഭൂമിയിലെ കടലിനെപ്പറ്റിയോ? മനുഷ്യന് ഇന്നും കടന്നുചെല്ലാന്‍ കഴിയാത്ത ഭാഗങ്ങള്‍ കടലിന്റെ അടിത്തട്ടിലുണ്ട്. സമുദ്രാന്തര്‍ഭാഗവും അതിലെ ആവാസ വ്യവസ്ഥയും അത്രത്തോളം വൈവിധ്യം നിറഞ്ഞതാണ്.

ഒരു കൂട്ടം മത്സ്യങ്ങളുടെ കോളനി. കോളനിയിലെ അംഗങ്ങളുടെ എണ്ണം ചില്ലറയൊന്നുമല്ല. ഏകദേശം ആറു കോടിയില്‍ അധികം ഐസ് ഫിഷുകളാണ് ഇവിടെ വസിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ വെഡല്‍സമുദ്രത്തില്‍ കണ്ടെത്തിയ ഐസ് ഫിഷുകളുടെ ആവാസവ്യവസ്ഥയുടെ അത്ഭുത ദൃശ്യങ്ങളാണ് ശാസ്ത്ര ലോകത്തെ ചര്‍ച്ചാ വിഷയം.

Full View

കടലിൻറെ അടിത്തട്ടില്‍ മഞ്ഞുമൂടിയ പ്രതലത്തില്‍  നിന്ന് ആയിരത്തിലധികം ഐസ് ഫിഷുകള്‍ സൈര്യവിഹാരം നടത്തുന്നു. മണല്‍ ഗര്‍ത്തങ്ങളാല്‍ രൂപപ്പെടുത്തിയിരിക്കുന്ന ഐസ്ഫിഷ് കൂടുകള്‍. വവ്വാലുകളെ പോലെ ചിറകുകള്‍ വീശി അവ ഓരോ ഗര്‍ത്തത്തിലേയും മുട്ടകള്‍ക്ക് മീതെ വട്ടമിടുന്നു. വെഡല്‍ സമുദ്രത്തിന് തെക്ക് ഭാഗത്തായി ഫ്‌ളിഞ്ചര്‍ മഞ്ഞു പാളിക്ക് സമീപമാണ് ഈ കാഴ്ച.

ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെജെനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകവിദ്യാര്‍ത്ഥിയായ ലിലിയന്‍ ബോഹ്‌റിംഗര്‍ ആണ്  ലോകത്തിലെ ഏറ്റവും വലിയ മത്സ്യ പ്രജനന മേഖല കണ്ടെത്തിയത്. 2021ല്‍ കടലിനടിയിലെ പഠനങ്ങള്‍ക്ക് വേണ്ടി വെഡല്‍ സമുദ്രത്തില്‍ എത്തിയ പോളാര്‍‌സ്റ്റേണ്‍ എന്ന് ജര്‍മന്‍ പോളാര്‍ പര്യവേക്ഷണ വാഹനമാണ് ഈ അദ്ഭുതകരമായ കണ്ടെത്തലിന് പിന്നില്‍.

ഐസ്ഫിഷുകളുടെ തന്നെ നിയോപജപ്‌റ്റോസിസ് അയോന എന്ന വിഭാഗത്തില്‍ പെട്ട മത്സ്യങ്ങളാണ് ഈ കോളനിയില്‍ ഉള്ളത്. ഒരു ഐസ്ഫിഷിന്റെ കൂട്ടില്‍ മാത്രം 1000 മുതല്‍ 2000 വരെ മുട്ടകള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂലര്‍ച്ചെ മൂന്ന് മണിക്കുള്ള കാഴ്ചയാണിത്.

ശരീരത്തില്‍ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ഇല്ലാത്ത ഏക നട്ടെല്ലുള്ള ജീവി വര്‍ഗമാണ് ഐസ് ഫിഷുകള്‍. അതിനാല്‍ അവരുടെ രക്തം വെളുത്തതും സുതാര്യവുമാണ്. അത്‌കൊണ്ട് തന്നെ അവയുടെ ഹൃദയങ്ങള്‍ വരെ വ്യക്തമായി കാണാം. കൊടും തണുപ്പിലും  രക്തം കട്ടപിടിക്കില്ല എന്നത് ഇവരുടെ വലിയൊരു പ്രത്യകതയാണ്.

ഒരു കൂടിനെ സംരക്ഷിക്കാന്‍ തന്നെ ഒന്നിലധികം മുതിര്‍ന്ന ഐസ്ഫിഷുകളും പ്രദേശത്തുണ്ടാകും. അതേസമയം ഇവരുടെ വേട്ടക്കാരായ വെഡല്‍ സീല്‍സ് എന്ന സീലുകളുടെ കൂട്ടവും ഇവര്‍ക്ക് ചുറ്റിലും ഉണ്ട്.

ഈ മേഖലയിലെ ഗവേഷണം ആരംഭിച്ച് 40 വര്‍ഷത്തിന് ശേഷമാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഈയൊരു കണ്ടുപിടുത്തം. ഇവയുടെ പ്രജനന മേഖല വൈകാതെ രാജ്യാന്തര തലത്തില്‍ തന്നെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News