മലയാളി വിദ്യാർഥികൾ ബങ്കറുകളിൽ; യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ

കോളേജുകൾ സാധാരണ നിലയിലായതിനെ തുടർന്നാണ് മലയാളി വിദ്യാർഥികൾ തിരിച്ചെത്തിയത്

Update: 2022-10-10 10:48 GMT
Advertising

കിയവ്: യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ക്രൈമിയയിലേക്കുള്ള പാലം തകർത്തതിന്റെതിരിച്ചടിയാണെന്നാണ് സൂചന. യുക്രൈനിൽ തിരിച്ചെത്തിയ മലയാളി വിദ്യാർഥികൾ ബങ്കറുകളിൽ തങ്ങുകയാണ്. കോളേജുകൾ സാധാരണ നിലയിലായതിനെ തുടർന്നാണ് മലയാളി വിദ്യാർഥികൾ യുക്രൈനിലേക്ക് മടങ്ങിയത്. കിയവിലടക്കം ഓൺലൈൻ പഠനം അവസാനിപ്പിച്ചിരുന്നു.

അതേസമയം കിയവിലെ വ്യോമാക്രമണത്തിൽ മരണം അഞ്ചായി. പന്ത്രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ ഷെവ്ചെങ്കോ മേഖലയിൽ ഇന്ന് രാവിലെ നിരവധി തവണ സ്ഫോടനങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ മാത്രം 75 മിസൈലുകൾ റഷ്യ അയച്ചെന്നാണ് യുക്രൈന്റെ ആരോപണം. സാപൊറീഷ്യയിൽ ഇന്ന് നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. 10 കുട്ടികളുൾപ്പടെ 89 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 20 വീടുകളും 50 അപാർട്ട്മെന്റുകളും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ നടന്ന റഷ്യൻ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു

തങ്ങളെ നശിപ്പിക്കാനും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്‌കി ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു. സാപൊറീഷ്യയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ആളുകളെ റഷ്യ നശിപ്പിച്ചെന്നും ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെ അവർ കൊല്ലുകയാണെന്നും സെലൻസ്‌കി സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

രാവിലെ 8.15ഓടെയായിരുന്നു കിയവിലെ ആക്രമണം. അഞ്ച് സ്ഫോടനങ്ങളെങ്കിലും നഗരത്തിലുണ്ടായതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ക്രൈമിയയിലേക്കുള്ള പാലം തകർത്തിന് യുക്രൈനുള്ള റഷ്യയുടെ തിരിച്ചടിയാണ് ആക്രമണങ്ങളെന്നാണ് സൂചന. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിനാണ് സ്ഫോടനത്തിൽ കേടുപാടുണ്ടായത്. സംഭവത്തോടെ ക്രൈമിയയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ സുരക്ഷ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി ഏൽപ്പിച്ച് പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ഉത്തരവിട്ടു. ജൂൺ 26നായിരുന്നു കിയവിൽ റഷ്യയുടെ ഏറ്റവും ഒടുവിലത്തെ ആക്രമണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News