കോവിഡ് ഫണ്ട് കൊണ്ട് വാങ്ങിക്കൂട്ടിയത് ലംബോർഗിനി കാർ, റോളക്‌സ് വാച്ച്, ഫോർഡ് ട്രക്ക്; അടിച്ചുപൊളി ജീവിതം നയിച്ച യുവാവിന് തടവുശിക്ഷ

ഫോർഡിന്റെ എഫ്-350 ട്രക്ക് വാങ്ങാനും ഒരു ഭൂമി വാങ്ങാനായി എടുത്തിരുന്ന ലോൺ അടച്ചുതീർക്കാനും കോവിഡ് സഹായം ഉപയോഗിച്ചതായും യുവാവിനെതിരെ കേസുണ്ട്

Update: 2021-12-03 13:59 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് ദുരിതാശ്വാസ സഹായം കൊണ്ട് ആഡംബരജീവിതം നയിച്ച യുവാവിന് തടവുശിക്ഷ. ടെക്‌സാസിലാണ് കോവിഡ് ഫണ്ട് ഉപയോഗിച്ച് 30കാരനായ ലീ പ്രൈസ് ലംബോർഗിനി കാറും റോളക്‌സ് വാച്ചും അടക്കമുള്ള ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങിയത്. യുഎസ് ജസ്റ്റിസ് വകുപ്പാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്.

നിയമവിരുദ്ധമായ ഇടപാടുകൾ ഒളിപ്പിക്കാനായി ലീ മൂന്ന് ഷെൽ കമ്പനികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് യുഎസ് ജസ്റ്റിസ് വകുപ്പ് പറയുന്നത്. വ്യാജരേഖകളുണ്ടാക്കി പേചെക്ക് പ്രോട്ടക്ഷൻ പ്രോഗ്രാം(പിപിപി) ലോണ്‍ തട്ടിയായിരുന്നു ലീയുടെ ആഡംബര ജീവിതം. ലോൺ അപേക്ഷയ്ക്ക് കൂടുതല്‍ ബലം നൽകാനായി വ്യാജ ഡ്രൈവിങ് ലൈസൻസും വ്യാജ നികുതി രേഖകളും സമർപ്പിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസുണ്ട്.

2.6 മില്യൻ ഡോളർ(ഏകേദശം 19 കോടി രൂപ) ലോണിനാണ് പ്രൈസ് അപേക്ഷിച്ചിരുന്നത്. എന്നാല്‍, ലഭിച്ചത് 1.6 മില്യൻ ഡോളറും(ഏകദേശം 12 കോടി രൂപ). ഈ തുക ഉപയോഗിച്ചാണ് ഒന്നേമുക്കാൽ കോടിക്ക് 2019 മോഡൽ ലംബോർഗിനി എസ്‌യുവിയും 11 ലക്ഷം രൂപയോളം വിലമതിക്കുന്ന റോളക്‌സ് വാച്ചും വാങ്ങിയത്. ഹൂസ്റ്റണിൽ ഒരു ക്ലബിൽ അടിച്ചുപൊളിക്കാനായി ചെലവാക്കിയത് രണ്ടു ലക്ഷത്തോളം രൂപയും! ഫോർഡിന്റെ എഫ്-350 ട്രക്ക് വാങ്ങാനും ഒരു ഭൂമി വാങ്ങാനായി എടുത്തിരുന്ന ലോൺ അടച്ചുതീർക്കാനും കോവിഡ് സഹായം ഉപയോഗിച്ചതായും കേസുണ്ട്. ഒൻപതു വർഷത്തേക്കാണ് യുഎസ് കോടതി ജഡ്ജി ഗിൽമോർ ലീ പ്രൈസിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല അമേരിക്കയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പ് പിടിയിലാകുന്നത്. ഇതിനകം 474 പേർക്കെതിരെ സമാനമായ കേസുകളെടുക്കുകയും ശിക്ഷയ്ക്കിരയാകുകയും ചെയ്തിട്ടുണ്ട്. ഈ തട്ടിപ്പുകൾ വഴി കോടികളുടെ നഷ്ടമാണ് യുഎസ് സർക്കാരിനുണ്ടായത്.

കോവിഡിനെ തുടർന്ന് സാമ്പത്തികമായി തകർന്ന ജനങ്ങള്‍ക്ക് ആശ്വാസമെന്നോണമാണ് കോവിഡ് ദുരിതാശ്വാസ ധനസഹായം അനുവദിച്ചിരുന്നത്. 2020 മാർച്ചിലാണ് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് രണ്ട് ട്രില്യൻ ഡോളറിന്റെ അടിയന്തര കോവിഡ് ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചത്. കോവിഡ് മൂലം സാമ്പത്തികനഷ്ടം സംഭവിച്ച സാധാരണ പൗരന്മാർക്ക്‌ പുറമെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയ്‍ക്കെല്ലാം ഈ സഹായം അനുവദിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News