'നൊബേല്‍ സമ്മാനത്തിന് വരെ ട്രംപിനെ പിന്താങ്ങി, എന്നിട്ടും ഡീല്‍ ഇന്ത്യ കൊണ്ടുപോയി'; പാക് നേതൃത്വത്തിനെതിരെ വിമര്‍ശനം
പാകിസ്ഥാന് 19 ശതമാനവും ഇന്ത്യക്ക് 18 ശതമാനവുമാണ് യുഎസ് തീരുവ
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ പാക്ക് സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കളും സാമ്പത്തിക വിദഗ്ധരും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എല്ലാവിധ പിന്തുണയും നല്‍കിയിട്ടും പാകിസ്ഥാനെക്കാള്‍ മികച്ച തീരുവ ഇന്ത്യക്ക് ലഭിച്ചെന്നാണ് വിമര്‍ശനം. പാകിസ്ഥാന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 19 ശതമാനമാണ് യുഎസില്‍ ഇറക്കുമതിത്തീരുവ. എന്നാല്‍, വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യക്ക് ഇറക്കുമതിത്തീരുവ 18 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് പാക് സര്‍ക്കാറിന്റെ നയതന്ത്ര ഇടപാടുകള്‍ ഫലപ്രദമല്ലായെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിട്ടും മികച്ച കരാര്‍ ഇന്ത്യ കൊണ്ടുപോയി എന്നാണ് പാക് സാമ്പത്തിക വിദഗ്ധന്‍ ജാവേദ് ഹസ്സന്‍ വിമര്‍ശിച്ചത്. 'ഇന്ത്യ ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചില്ല. എന്നിട്ടും പാകിസ്ഥാനെക്കാള്‍ മികച്ച വ്യാപാരക്കരാര്‍ ലഭിച്ചു. പാകിസ്ഥാന് വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിച്ചത്.' -അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രിയും പിടിഐ നേതാവുമായ ഹമദ് അസ്ഹര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. '21ാം നൂറ്റാണ്ടിലെ വിദേശനയം വ്യക്തിബന്ധമോ കാഴ്ചപ്പാടുകളോ അല്ല. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക, നികുതികള്‍, വിപണി പ്രവേശനം എന്നിവയെ ഉപയോഗിക്കുക എന്നതാണ്. യൂറോപ്പുമായും യുഎസുമായും ഇന്ത്യ അടുത്തിടെയുണ്ടാക്കിയ വ്യാപാരക്കരാറുകള്‍ ഇതാണ് തെളിയിക്കുന്നത്. മുഖസ്തുതിയും ഫോട്ടോ ഓപ്പറേഷനുകളും വെറുതെയാണ്' -ഹമദ് അസ്ഹര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിനോട് ഏറെ വിധേയത്വം കാട്ടിയിട്ടും ഇന്ത്യക്ക് പാകിസ്ഥാനെക്കാള്‍ മികച്ച വ്യാപാരക്കരാറാണ് ലഭിച്ചതെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസം ലഭിക്കുന്നുണ്ട്. ഷെഹ്ബാസ് ഷെരീഫും അസിം മുനീറും വാഷിങ്ടണില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയിട്ടും തീരുവ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.