ന്യൂയോർക്ക് സബ്‌വേ ട്രെയിനിൽ സഹയാത്രികനെ ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ്; കൂട്ടുനിന്ന് രണ്ട് പേർ

24 വയസുള്ളയാളാണ് യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചതായും റിപ്പോർട്ട് പറയുന്നു.

Update: 2023-05-03 09:46 GMT

ന്യൂയോർക്ക്: ന്യൂയോർക്കിലെ സബ്‌വേ ട്രെയിനിൽ യുവാവിനെ സഹയാത്രികൻ ശ്വാസം മുട്ടിച്ച് കൊന്നു. 30കാരനായ യാത്രക്കാരനാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടെ സഹായത്തോടെയായിരുന്നു മറ്റ് യാത്രികർ നോക്കിനിൽക്കെ കൃത്യം നടന്നത്. കഴുത്തിൽ കൈ വച്ച് മുറുക്കി ശ്വാസം മുട്ടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഫ്രീലാൻസ് ജേണലിസ്റ്റായ ജുവാൻ ആൽബർട്ടോ വാസ്ക്വസ് തന്റെ ഫോണിൽ പകർത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റ് യാത്രിക‌‌‌‌രെ ശല്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവെന്ന് സാക്ഷികളെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Advertising
Advertising

നിലത്തുവീണ് കിടക്കുമ്പോൾ ശ്വാസം മുട്ടിച്ചുപിടിക്കവെ ഇയാൾ പ്രാണരക്ഷാർഥം കൈകൾ തട്ടിമാറ്റാൻ ശ്രമിക്കുന്നതും കാലുകൾ ഇളക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ മറ്റ് രണ്ട് പേർ ഇയാളുടെ കൈകാലുകൾ പിടിച്ചും മരണം ഉറപ്പിക്കാകുന്നതുവരെ കൈഞരമ്പ് പിടിച്ചുകൊണ്ട് നിൽക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെയാണ് മൂന്നു പേരും പിടിവിടുന്നത്.

24 വയസുള്ളയാളാണ് യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചതായും റിപ്പോർട്ട് പറയുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു. സംഭവം നടക്കുമ്പോൾ താൻ വടക്കുഭാ​ഗത്തോട്ടു പോകുന്ന എഫ് ട്രെയിനിലായിരുന്നുവെന്ന് വാസ്ക്വസ് എൻബിസി ന്യൂസിനോട് പറഞ്ഞു.

ട്രെയിനിൽ കയറിയ യുവാവ്, 'എനിക്ക് വിശക്കുന്നു, ദാഹിക്കുന്നു, ഞാനൊന്നിനേയും കാര്യമാക്കുന്നില്ല, ജയിലിൽ പോകുന്നതും ജീവപര്യന്തം തടവു കിട്ടുന്നതും മരിക്കുന്നതുമൊന്നും പ്രശ്നമല്ല'- എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇയാളുടെ ബഹളം കേട്ട് മറ്റ് യാത്രക്കാർ ഭയന്നെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു സഹയാത്രികൻ വന്ന് കഴുത്തിൽ കൈമുറുക്കി ശ്വാസം മുട്ടിച്ചത്.

സംഭവം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ യുവാവ് ട്രെയിനിന്റെ തറയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നുവെന്ന് എൻബിസി ന്യൂസ് പറഞ്ഞു. 15 മിനിറ്റോളം ശ്വാസംമുട്ടിക്കൽ നീണ്ടുനിന്നതായി വാസ്‌ക്വസ് പറഞ്ഞു. പിന്നാലെ, യുവാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച മൂന്നു പേരൊഴികെ ട്രെയിനിനുള്ളിലെ എല്ലാ യാത്രക്കാരും പോയി. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News