ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലെന്ന വിശേഷണവുമായി നീറ്റിലിറങ്ങിയ ഐക്കണ്‍ ഓഫ് ദി സീസിന്‍റെ കന്നിയാത്രക്കിടെ യാത്രക്കാരന്‍ കടലില്‍ ചാടി മരിച്ചു. 7,600 യാത്രക്കാരും 2,350 ക്രൂ അംഗങ്ങളുമുള്ള റോയൽ കരീബിയന്‍റെ കപ്പലില്‍ നിന്നാണ് അജ്ഞാതനായ യാത്രക്കാരന്‍ ചാടിയത്. ഞായറാഴ്ച രാവിലെ കപ്പല്‍ ഫ്ലോറിഡയിൽ നിന്ന് ഹോണ്ടുറാസിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആദ്യത്തെ രാത്രിയിലാണ് ഈ ദുരന്തം സംഭവിച്ചത്.
കടലില്‍ ചാടിയ യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയെന്ന് കോസ്റ്റ് ഗാര്‍ഡ് ദി പോസ്റ്റിനോട് പറഞ്ഞു. യാത്രക്കാരന്‍ ചാടിയ ഉടനെ തന്നെ കപ്പല്‍ ജീവനക്കാര്‍ യുഎസ് കോസ്റ്റ് ഗാർഡിനെ അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായി റോയൽ കരീബിയൻ വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ കപ്പൽ പോർട്ട് മിയാമിയിൽ നിന്ന് 300 മൈൽ മാത്രം അകലെയായിരുന്നു. തിരച്ചിലില്‍ കപ്പല്‍ ജീവനക്കാര്‍ കോസ്റ്റ് ഗാര്‍ഡിനെ സഹായിച്ചതുകൊണ്ട് കപ്പല്‍ രണ്ട് മണിക്കൂറോളം നിര്‍ത്തിയിട്ടു.
1200 അടി നീളമുള്ള ഐക്കണ്‍ ഓഫ് സീസിന് 10,000ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ടൈറ്റാനികിനെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടെന്ന് പറയപ്പെടുന്നത്. 250,800 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ട് ബില്യണ്‍ ഡോളര്‍ )മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്.ഒരു ഫുഡ് ഹാള്‍,ആറ് സ്വിമ്മിംഗ് പൂളുകള്‍, ഏറ്റവും വലിയ കടൽ വാട്ടർ പാർക്ക് എന്നിവയും കപ്പലിലുണ്ട്. 40ലധികം ബാറുകളും റസ്റ്റോറന്‍റുകളുമുണ്ട്. കുടുംബങ്ങൾക്കായി ഒരു അക്വാ പാർക്ക്, ഒരു നീന്തൽ ബാർ, എക്സ്ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങൾ, ആർക്കേഡുകൾ, ലൈവ് മ്യൂസിക്, ഷോകൾ എന്നിവയാണ് കപ്പലിന്റെ മറ്റ് ആകർഷണങ്ങൾ.ഇൻഫിനിറ്റി പൂളും കപ്പലിലുണ്ട്. ആ ആഡംബരക്കപ്പലില്‍ യാത്ര ചെയ്യുന്നതിന് ഒരാള്‍ 1542 ഡോളറാണ് (1,28,000 രൂപ) നല്‍കേണ്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കപ്പലിലെ ഏറ്റവും വലിയ സ്യൂട്ടാണ് മൂന്ന് നിലകളുള്ള, 1,772 ചതുരശ്ര അടി വിസ്തീർണമുള്ള ‘അൾട്ടിമേറ്റ് ഫാമിലി ടൗൺഹൗസ്. ഇതിന് ആഴ്ചയിൽ 75,000 ഡോളർ (62 ലക്ഷത്തിലധികം രൂപ) ചെലവ് വരും.തിയറ്റർ, പിംഗ്-പോങ് ടേബിൾ, കരോക്കെ, നിലകൾക്കിടയിലുള്ള സ്ലൈഡ് എന്നിവയുള്ള സ്യൂട്ടിൽ എട്ട് പേർക്ക് കഴിയാം.2000 ജീവനക്കാരാണ് കപ്പലിലുണ്ടാവുക. ഇവര്‍ക്കായി ഗെയിമിംഗ് റൂം,ഹെയര്‍ സലൂണ്‍ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. തത്സമയ സംഗീതം, കോമഡി, ഡ്യുയിംഗ് പിയാനോ ബാർ, തിയേറ്ററുകൾ എന്നിവ മുഖേനെ അതിഥികളെ രസിപ്പിക്കാനുള്ള ക്രമീകരണങ്ങളും റോയൽ കരീബിയൻ ഒരുക്കിയിട്ടുണ്ട്.