മെക്സിക്കോയിൽ സൂപ്പര്‍മാര്‍ക്കറ്റിൽ വൻ തീപിടിത്തം; 23 മരണം, നിരവധി പേർക്ക് പരിക്ക്
തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറൻ മെക്സിക്കോയില്‍ ഹെർമോസിലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തിലും സ്ഫോടനത്തിലും കുട്ടികൾ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു.
12 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സൊനോറയിലെ ഹെർമോസിലോ നഗരത്തിലെ വാൾഡോസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായതെന്ന് സൊനോറ ഗവർണർ അൽഫോൻസോ ഡുറാസോ പറഞ്ഞു. തീപിടിത്തത്തിൽ 23 പേർ മരിച്ചതായും 11 പേർക്ക് പരിക്കേറ്റതായും ഗവർണർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ദുരന്തത്തിൽ കുട്ടികളും ഉൾപ്പെടുന്നു എന്നത് ഏറെ വേദനാജനകമാണെന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൻ്റെ കാരണം കണ്ടുപിടിക്കുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടതായും ഗവര്‍ണര്‍ വ്യക്തമാക്കി. മരിച്ചവരിൽ 12 സ്ത്രീകളും 5 പുരുഷന്മാരും 4 ആൺകുട്ടികളും 2 പെൺകുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് മെക്സിക്കൻ റെഡ് ക്രോസ് പ്രസിഡൻ്റ് കാർലോസ് ഫ്രാനർ അറിയിച്ചു.
അതേസമയം തീപിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സാലാസ് അറിയിച്ചു.തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.