കുരങ്ങുപനി ഏറ്റവും കൂടുതല്‍ ബാധിച്ചത് യൂറോപ്പിനെയെന്ന് ലോകാരോഗ്യ സംഘടന

രോഗനിർണയം നടത്തിയ കേസുകളിൽ 95 ശതമാനവും ഈ രണ്ട് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Update: 2022-07-29 04:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജനീവ: ലോകമെമ്പാടുമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനി യൂറോപ്പിനെയും അമേരിക്കയെയും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടന തലവന്‍ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.രോഗനിർണയം നടത്തിയ കേസുകളിൽ 95 ശതമാനവും ഈ രണ്ട് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ 78 രാജ്യങ്ങളിൽ നിന്നായി 18,000 ത്തിലധികം കുരങ്ങുപനി കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 70 ശതമാനത്തിലധികം യൂറോപ്യൻ മേഖലയിൽ നിന്നും 25 ശതമാനം അമേരിക്കയിൽ നിന്നുമാണെന്നും ഡബ്ള്യൂ.എച്ച്.ഒ മേധാവി പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 98 ശതമാനവും സ്വവര്‍ഗാനുരാഗികളിലാണ്. ഏതൊരു വൈറസിനെയും പോലെ ഈ വൈറസും അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതുപോലെ കുരങ്ങുവസൂരിയെക്കുറിച്ചും വ്യാജപ്രചരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും സാങ്കേതിക കമ്പനികളോടും മാധ്യമങ്ങളോടും ഹാനികരമായ വിവരങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നതായി ടെഡ്രോസ് പറഞ്ഞു.

കുരങ്ങു വസൂരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഏറ്റവും ഉയര്‍ന്ന ജാഗ്രതാനിര്‍ദേശമാണ് മങ്കിപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്. കുരങ്ങുവസൂരിയുടെ വ്യാപനം തടയുന്നതിനും ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് രോഗം പൊട്ടിപ്പുറപ്പെടുന്നത് ഗൗരവമായി കാണണമെന്ന് ലോകാരോഗ്യ സംഘടന രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. കുരങ്ങു വസൂരി കൂടുതല്‍ പടരുന്നത് സ്വവര്‍ഗ്ഗരതിക്കാരിലാണെന്ന് കണ്ടെത്തിയതോടെ ലൈംഗിക പങ്കാളികളെ പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

അതേസമയം, കാനഡയും യൂറോപ്യൻ യൂണിയനും യുഎസും കുരങ്ങു വസൂരിക്കെതിരായ ഉപയോഗത്തിനായി എംവിഎ-ബിഎൻ (മോഡിഫൈഡ് വാക്സിനിയ അങ്കാറ - ബവേറിയൻ നോർഡിക്) എന്ന വാക്സിൻ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വാക്സിനുകളുടെ ഫലപ്രാപ്തിയെയും ഡോസേജിനെയും കുറിച്ചുള്ള ഡാറ്റയുടെ അഭാവം മൂലം കുരങ്ങുപനിക്കെതിരെയുള്ള കൂട്ട വാക്സിനേഷൻ നിലവിൽ ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നില്ല. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News