തെല്‍ അവിവില്‍ ഇറാൻ്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നത് 40 കെട്ടിടങ്ങള്‍

മൂന്ന് ഹോട്ടലുകളും പാര്‍പ്പിട കേന്ദ്രങ്ങളും ഉള്‍പ്പെടെയാണിത്. 200 താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു

Update: 2026-03-01 10:55 GMT

തെല്‍ അവിവ്: ഇസ്രായേല്‍ നഗരമായ തെല്‍ അവിവില്‍ ഇറാന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നത് 40ലേറെ കെട്ടിടങ്ങള്‍. മൂന്ന് ഹോട്ടലുകളും പാര്‍പ്പിട കേന്ദ്രങ്ങളും ഉള്‍പ്പെടെയാണിത്. 200 താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സാണ് മുനിസിപ്പില്‍ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തകര്‍ന്ന ഏതാനും കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തെ മറികടന്ന് നിരവധി മിസൈലുകളാണ് ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചത്. തെല്‍ അവിവ്, ജറുസലെം, ഹൈഫ തുടങ്ങിയ നഗരങ്ങളിലെല്ലാം ആക്രമണ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. ഖാംനഈ വധത്തിന് ശക്തമായ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ ഇസ്രായേലി മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertising
Advertising

ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് ഇസ്രായേല്‍ സൈന്യം ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ഇസ്രായേല്‍ സൈന്യം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പുറത്തിറങ്ങാന്‍ നിര്‍ദേശം ലഭിക്കുന്നത് വരെ ബങ്കറുകളില്‍ തന്നെ തുടരണമെന്ന് എക്‌സ് പോസ്റ്റിലൂടെ സൈന്യം അറിയിച്ചു.

അതേസമയം, തെഹ്‌റാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തി. നഗരഹൃദയത്തില്‍ ശക്തമായ സ്‌ഫോടനമുണ്ടായതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഖാംനഈ വധത്തിന് പ്രതികാരം ചെയ്യുക ഇറാന്റെ അവകാശമാണെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ പറഞ്ഞു. ചരിത്രപരമായ ഈ കുറ്റകൃത്യം ചെയ്തവരെയും ഉത്തരവിട്ടവരെയും ശിക്ഷിക്കും. ആ കടമ നിറവേറ്റുന്നതിനായി എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ വിവിധ യുഎസ് വ്യോമതാവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം തുടരുകയാണ്. യുഎസിന്റെ 27 സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു. വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. യുഎസ് വ്യോമതാവളങ്ങള്‍ക്ക് പുറമേ ഇസ്രായേലിലെ തെല്‍ നോഫ് വ്യോമതാവളം, തെല്‍ അവിവിലെ ഇസ്രായേലി ആര്‍മി കമാന്‍ഡ് ആസ്ഥാനം, ഇവിടുത്തെ പ്രതിരോധ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് എന്നിവ ആക്രമിച്ചു. പകരംവീട്ടാനുള്ള എല്ലാ കടുത്ത നടപടികളും സ്വീകരിക്കുമെന്നും ശത്രുക്കള്‍ പശ്ചാത്തപിക്കുന്ന തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും ഐആര്‍ജിസി പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News