ആണവായുധം ലഭിച്ചാൽ ഇറാൻ ഹോർമുസിൽ ടോൾ പിരിക്കുമെന്ന് മാർക്കോ റൂബിയോ; യുദ്ധം ഉടൻ ജയിക്കുമെന്നും എണ്ണവില കുറയുമെന്നും ട്രംപ്

ഇറാൻ്റെ ഏഴുദിന വെടിനിർത്തൽ നിർദേശത്തിൽ യുഎസിൻ്റെ ഔദ്യോഗിക പ്രതികരണം ഇന്ന് ലഭിക്കുമെന്നും അതിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അബ്ബാസ് അറാഗ്‌ചി അറിയിച്ചിട്ടുണ്ട്

Update: 2026-09-29 02:57 GMT
Editor : Athulya | By : Web Desk

വാഷിങ്ടൺ: ഇറാന് ആണവായുധം കൈവശപ്പെടുത്താൻ കഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അവർ പൂർണമായും ഏറ്റെടുക്കാനും അതിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ടോൾ ഈടാക്കാനും സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഈ മുന്നറിയിപ്പ് നൽകിയത്. ഇറാൻ എന്ന രാജ്യമോ അവിടുത്തെ ജനങ്ങളോ അല്ല പ്രശ്നമെന്നും നിലവിലെ ഭരണകൂടവും അവരുടെ നിലപാടുകളുമാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇറാനെതിരായ യുദ്ധം ഉടൻ ജയിക്കുമെന്നും അതോടെ എണ്ണവില കുറയുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥർ മധ്യസ്ഥ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്നും തങ്ങളുടെ നിലപാട് മധ്യസ്ഥ രാജ്യങ്ങൾ ഇറാനെ അറിയിച്ചതായും ട്രംപ് പറഞ്ഞു. ഉപരോധ നടപടികളിൽ ഇളവ് നൽകി ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനുള്ള ഫോർമുലയാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് വിവരം.

Advertising
Advertising

ഒരുഭാഗത്ത് പ്രകോപനപരമായ പ്രഖ്യാപനങ്ങൾ തുടരുമ്പോഴും മറുഭാഗത്ത് നയതന്ത്ര ചർച്ചകൾ തിരക്കിട്ട് പുരോഗമിക്കുകയാണ്. യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ന്യൂയോർക്കിലുള്ളതാണ് ചർച്ചകൾക്ക് വേഗം കൂട്ടിയത്. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന വെടിനിർത്തൽ നിർദേശം അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗികമായി തള്ളിയെങ്കിലും അതിന് രേഖാമൂലമുള്ള മറുപടി മധ്യസ്ഥ രാജ്യങ്ങൾ ഇനിയും നൽകിയിട്ടില്ല. യുഎസിൻ്റെ ഔദ്യോഗിക പ്രതികരണം ഇന്ന് ലഭിക്കുമെന്നും അതിനുശേഷം ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ തീരുമാനിക്കുമെന്നും അബ്ബാസ് അറാഗ്ചി അറിയിച്ചിട്ടുണ്ട്.

ഖത്തറിന്റെ മേൽനോട്ടത്തിൽ മധ്യസ്ഥ രാജ്യങ്ങൾ ഇറാൻ നേതൃത്വവുമായി ചർച്ചകൾ പൂർത്തിയാക്കി. ചില നീക്കുപോക്കുകൾക്ക് യുഎസ് തയ്യാറായേക്കുമെന്നും 12 ബില്യൺ ഡോളർ ഇറാനിലേക്ക് കൈമാറിയേക്കുമെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് ട്രംപ് പൂർണമായും തള്ളിക്കളഞ്ഞു. എങ്കിലും സംഘർഷ പരിഹാരത്തിനായി അമേരിക്ക ഔദ്യോഗികമായി കൈമാറുന്ന രേഖയിൽ വലിയ പ്രതീക്ഷയാണ് ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ അർപ്പിക്കുന്നത്.

അതേസമയം, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഇറാനെതിരെ കടുത്ത വിമർശനവും ഭീഷണികളും തുടർന്നുപോരുന്നുണ്ട്. ഇറാനെതിരായ ഉപരോധ നടപടികൾ വലിയ വിജയം കണ്ടെന്നും ഹോർമുസ് വഴി കൂടുതൽ എണ്ണ എത്തിക്കാൻ സാധിച്ചതോടെ ഇറാന്റെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടുവെന്നുമാണ് അമേരിക്കൻ ഔദ്യോഗിക പക്ഷത്തിന്റെ വാദം.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News