'സൗദിക്ക് നേരെയുള്ള ആക്രമണം മൊറോക്കോയ്ക്ക് നേരെയുള്ളത്'; ഹൂതി ആക്രമണങ്ങളെ അപലപിച്ച് മൊറോക്കോ ഭരണാധികാരി

ജിസിസി രാജ്യങ്ങൾ നേരിടുന്ന ഏത് ഭീഷണിയെയും ചെറുക്കാൻ മൊറോക്കോ ഒപ്പമുണ്ടാകുമെന്നും രാജാവ്

Update: 2026-09-28 09:36 GMT

റിയാദ്: സൗദിയുടെ സുരക്ഷയും സ്ഥിരതയും മൊറോക്കോയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മൊറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവ്. സൗദിക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും മൊറോക്കോയ്ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അയച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ പൂർണ ഐക്യദാർഢ്യം അറിയിച്ചത്.

Advertising
Advertising

മക്ക, മദീന എന്നീ പുണ്യഭൂമികളെ പോലും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നികൃഷ്ടമായ ശ്രമങ്ങൾ സൗദിക്ക് നേരെയുള്ള ആക്രമണം മാത്രമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങൾക്ക് നേരെയുള്ള കടുത്ത കടന്നുകയറ്റമാണിത്. സമാധാനവും സഹിഷ്ണുതയും മുൻനിർത്തി നിലകൊള്ളുന്ന ഇസ്‌ലാമിക മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഹൂതികൾ നടത്തുന്നത്. ഈ കുറ്റകൃത്യങ്ങൾക്ക് ഹൂതികളും അവരെ സാമ്പത്തികമായും ആയുധപരമായും പിന്തുണയ്ക്കുന്നവരും പൂർണ ഉത്തരവാദികളാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് മുന്നിൽ അവർ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മേഖലയുടെ സുരക്ഷ തകർക്കാനും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതകളെ അപകടപ്പെടുത്താനുമാണ് ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ഇത് ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണ്. സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ നേരിടുന്ന ഏത് ഭീഷണിയെയും ചെറുക്കാൻ മൊറോക്കോ ഒപ്പമുണ്ടാകും. സൗദിയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും പരമാധികാരത്തിനും ഒപ്പം നിൽക്കുന്നത് സത്യത്തിനൊപ്പം നിൽക്കുന്നതിന് തുല്യമാണെന്നും രാജാവ് സന്ദേശത്തിൽ ആവർത്തിച്ചു വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News