വെസ്റ്റ്ബാങ്കിലേക്ക് കൂടുതൽ സൈന്യം; യു.എൻ രക്ഷാ സമിതി യോഗം രാത്രി
വെസ്റ്റ് ബാങ്ക് പട്ടണങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ച് അനധികൃത കുടിയേറ്റ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് നെതന്യാഹു സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റം തുടരുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷം. കഴിഞ്ഞ ദിവസം ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ കുടിയേറ്റക്കാർ വ്യാപക അഴിഞ്ഞാട്ടമാണ് നടത്തിയത്. നിരവധി ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെസ്റ്റ് ബാങ്ക് പട്ടണങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ച് അനധികൃത കുടിയേറ്റ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് നെതന്യാഹു സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. നബുലസിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ഫലസ്തീൻകാരുടെ മുപ്പതിലേറെ കാറുകൾക്കും വീടുകൾക്കും അക്രമികൾ തീയിട്ടു. ഒരാൾ മരണപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. അക്രമി സംഘത്തെ ചെറുക്കാൻ ചില ഇടങ്ങളിൽ ഫലസ്തീൻകാർ കല്ലേറ് നടത്തി. ഇതിൽ ഏതാനും ഇസ്രായേൽ പൗരൻമാർക്ക് പരിക്കുണ്ട്. 11 ഫലസ്തീൻകാരെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നതോടെയാണ് വെസ്റ്റ് ബാങ്കിൽ സംഘർഷം വ്യാപിച്ചത്. നിലവിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാതിരിക്കാൻ ജോർദാനിൽ യു.എസ്, ഈജിപ്ത് പ്രതിനിധികൾ യോഗം ചേർന്നെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. പുതിയ സംഭവവികാസങ്ങൾ ആപത്കരമാണെന്ന് യു.എൻ പശ്ചിമേഷ്യൻ ഉപദേശകൻ വെനസ്ലാൻറ് പ്രതികരിച്ചു. യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം നടക്കാനിരിക്കെയാണ് വെന്നസ്ലാൻറിൻെറ ഈ പ്രതികരണം.