മസ്‌കിന്റെ സെമിറ്റിക് വിരുദ്ധ കമന്റ്; എക്‌സിൽ നിന്ന് പരസ്യം പിൻവലിച്ച് ആപ്പിളടക്കം വൻകിട കമ്പനികൾ

പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നത് വരെ പരസ്യം നൽകുന്നത് നിർത്തി വയ്ക്കുകയാണെന്നാണ് ആപ്പിളും ഡിസ്‌നിയും അറിയിച്ചിരിക്കുന്നത്

Update: 2023-11-18 16:29 GMT
Advertising

സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തി വീണ്ടും വെട്ടിലായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. മസ്‌കിന്റെ സെമിറ്റിക് വിരുദ്ധ കമന്റുകളിൽ പ്രതിഷേധിച്ച് ആപ്പിൾ അടക്കമുള്ള ടെക്ക് ഭീമന്മാർ എക്‌സിൽ നിന്ന് പരസ്യം പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.

'ജൂതർ വെളുത്തവരെ വെറുക്കുന്നു' എന്ന ഒരു എക്‌സ് യൂസറിന്റെ കമന്റിനോട് 'അതല്ലേ യാഥാർഥ്യം' എന്ന് മസ്‌ക് പ്രതികരിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മസ്‌കിന്റെ നിലപാട് ജൂതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് അടക്കം രംഗത്ത് വരികയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മസ്‌കിന്റെ ഇത്തരത്തിലുള്ള പ്രതികരണം അംഗീകരിക്കാനാവാത്തതാണ് എന്നാണ് വൈറ്റ് ഹൗസ് വിമർശിച്ചത്.

മസ്‌കിന്റെ കമന്റിന് പിന്നാലെ ആപ്പിൾ പരസ്യം പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ആപ്പിളിനൊപ്പം ഡിസ്‌നിയും ഐബിഎമ്മും ഉൾപ്പടെ എക്‌സിന് പരസ്യം നൽകുന്നത് നിർത്തി വച്ചതായോ പിൻവലിച്ചതായോ അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നത് വരെ പരസ്യം നൽകുന്നത് നിർത്തി വയ്ക്കുകയാണെന്നാണ് ആപ്പിളും ഡിസ്‌നിയും അറിയിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളോട് യോജിക്കാനാവില്ലെന്ന് ഐബിഎമ്മും വ്യക്തമാക്കി.

ആപ്പിൾ പരസ്യം പിൻവലിക്കുന്നത് എക്‌സിനേൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എക്‌സിന്റെ പരസ്യദാതാക്കളിൽ ഏറ്റവും പ്രധാനിയാണ് ആപ്പിൾ. പരസ്യത്തിനായി ഓരോ വർഷവും 100 മില്യൺ ഡോളർ ആണ് ആപ്പിൾ ചെലവഴിക്കുന്നത്.

ആപ്പിളിന്റെ തീരുമാനം പുറത്തെത്തിയതിന് പിന്നാലെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. 'ഫ്രം ദി റിവർ ടു ദി സീ', 'ഡികോളനൈസേഷൻ' എന്നിങ്ങനെ 'വംശഹത്യ'യെ സൂചിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുമെന്നാണ് മസ്‌കിന്റെ മുന്നറിയിപ്പ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News