കണ്ടോ ആ സുവർണ പാദം! മറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത് നാപ്പോളി

സാസുവോളോയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ടീം പ്രതിമ അനാച്ഛാദനം ചെയ്തത്

Update: 2022-10-30 09:48 GMT
Editor : banuisahak | By : Web Desk
Advertising

അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്‌ത് നാപ്പോളി ഫുട്ബോൾ ടീം. സാസുവോളോയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ടീം പ്രതിമ അനാച്ഛാദനം ചെയ്തത്. കാമ്പാനിയയിലെ നേപ്പിൾസ് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇറ്റാലിയൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എസ് എസ് സി നാപ്പോളി. മറഡോണയുടെ 62-ാം ജന്മവാർഷികമായിരുന്നു ഇന്ന്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് പ്രതിമ നിർമിച്ചതെന്ന് ടീമംഗങ്ങൾ പ്രതികരിച്ചു.

സ്വർണകളറുള്ള മറഡോണയുടെ ഇടത് പാദമാണ് പ്രതിമയുടെ പ്രധാന ആകർഷണം. സുപ്രധാന ഗോളുകൾ പിറന്നത് ഇവിടെയാണെന്നാണ് 'ഗോൾഡൻ ഫൂട്ട്' (Golden Foot) ചൂണ്ടിക്കാട്ടി നാപ്പോളി അംഗങ്ങൾ പറഞ്ഞത്. പ്രതിമയുടെ ചിത്രം റെഡ്‌ഡിറ്റിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതികരവുമായി എത്തിയത്. മറഡോണയുടെ സുവർണ കാലഘട്ടത്തെ ഓർത്തെടുക്കുകയായിരുന്നു പലരും. 93,000 ലൈക്കുകളും നിരവധി കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. 

അതേസമയം, മറഡോണയുടെ സുവർണ പദങ്ങളെ കുറിച്ച് വാനോളം പുകഴ്ത്തുന്നവർ ഈ പ്രതിമ നിർമിച്ചയാളിനെ മറക്കരുതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. നിരവധി പേരാണ് ഈ കമന്റിന് പിന്തുണയുമായി എത്തിയത്. ചിലർക്ക് മറഡോണയുടെ മുടിയായിരുന്നു ഇഷ്ടമായത്. ശരിക്കും ജീവാണുള്ളത് പോലെ തന്നെയെന്ന് മറ്റുചിലർ പ്രതികരിച്ചു. 'സുവർണ പാദം, സ്വർണക്കൈ, ഡയമണ്ട് മൂക്ക്... ഈ മനുഷ്യൻ ജീവനുള്ള ഒരു നിധിപ്പെട്ടിയായിരുന്നു"; നിരവധി ലൈക്കുകൾ നേടിയ ഒരു കമന്റ് ഇങ്ങനെ. വർഷങ്ങൾക്ക് മുൻപ് നാപ്പോളി ടീം അനാച്ഛാദനം ചെയ്‌ത റൊണാൾഡോയുടെ പ്രതിമയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറച്ചുകൂടി മികച്ച പ്രതിമയാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പ്രതിമ നിർമിച്ചയാൾക്ക് അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. 

Full View

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ടീമിന് നിരവധി കിരീടങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. മറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി ഈ കാലയളവിനെ കണക്കാക്കപ്പെടുന്നു. നാപ്പോളി ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) മറഡോണയുടെ കാലത്താണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. 15 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. 

ഹൃദയാഘാതത്തെ തുടർന്ന് 2020ൽ 60ാം വയസിലാണ് മറഡോണ മരിക്കുന്നത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്നതിനിടെയിലായിരുന്നു മറഡോണയ്ക്ക് ഹൃദയാഘാതം വരുന്നത്. എന്നാൽ വേദന പ്രകടിപ്പിച്ചിട്ടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News