ജെൻ സി പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ് നേപ്പാൾ; സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച വേണമെന്ന് സൈന്യം

പ്രധാനമന്ത്രി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് നേപ്പാൾ

Update: 2025-09-10 10:58 GMT
Editor : Jaisy Thomas | By : Web Desk

കാഠ്മണ്ഡു: നേപ്പാളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച വേണമെന്ന് സൈന്യം. പ്രതിഷേധക്കാരും രാഷ്ട്രീയക്കാരും ചർച്ച നടത്തണമെന്നാണ് സൈന്യത്തിന്‍റെ നിലപാട്. പ്രധാനമന്ത്രി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് നേപ്പാൾ. ജെൻസി ക്ക് പ്രിയങ്കരനായ റാപ്പറും കാഠ്മണ്ഡ് മേയറുമായ ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രിയായെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചതിന് ശേഷവും നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം ദുസ്സഹമായി. പ്രതിഷേധക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഇല്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നുള്ള പ്രസ്താവനയുമായിസൈനിക മേധാവി അശോക് രാജ് രംഗത്തെത്തി. സംഘർഷത്തിന് അയവുവരുത്താൻ ഇന്ന് പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. സൈനിക സുരക്ഷയിലാകും കൂടിക്കാഴ്ച.

ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നാളെ രാജ്യവ്യാപകമായി കർഫ്യു പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെ മാത്രമാണ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയത്. കാഠ്മണ്ഡുലിലെ ത്രിഭുവൻ വിമാനത്താവളം അടച്ചതോടെ 700 ഓളം ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. രാജ്യത്തെ വ്യോമഗതാഗതം ഭാഗികമായി നിർത്തിയതോടെയാണ് ഇന്ത്യാക്കാരുടെ യാത്ര അനിശ്ചിത്വത്തിലായത്. ഇൻഡിഗോ വിമാനം ദൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് സർവീസ് നടത്തിയെങ്കിലും ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് തിരികെ മടങ്ങി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News