ഗസ്സയിൽ രണ്ടാംഘട്ട സമാധാന ചർച്ചക്കായി നെതന്യാഹു അമേരിക്കയിലേക്ക്; കരാർ അട്ടിമറിക്കാൻ അനുവദിക്കരുതെന്ന് മധ്യസ്ഥ രാജ്യങ്ങൾ
ജനുവരിയിൽ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പിൽ വരണമെന്ന് നിലപാടിൽ തന്നെയാണ് അമേരിക്ക
വാഷിങ്ടണ്‍:ഗസ്സയിൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാംഘട്ട ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിലേക്ക്. വെടിനിർത്തൽ കരാറിന്‍റെ രണ്ടാംഘട്ടം സംബന്ധിച്ച നിർണായക ചർച്ചക്കാണ് തിങ്കളാഴ്ച അമേരിക്കയിലെ ഫ്ലോറിഡ വേദിയാകുന്നത്.
യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നെതന്യാഹുവും തമ്മിൽ നടക്കുന്ന ചർച്ചയെ ആശ്രയിച്ചാകും ഗസ്സ വെടിനിർത്തലിന്‍റെ തുടർനീക്കങ്ങൾ. ജനുവരിയിൽ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പിൽ വരണം എന്ന നിലപാടിൽ തന്നെയാണ് അമേരിക്ക. എന്നാൽ ഗസ്സയിലെ ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സേനാവിന്യാസം, ഹമാസിന്‍റെ നിരായുധീകരണം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ വ്യക്തത രൂപപ്പെടുത്താൻ ഇനിയും ആയിട്ടില്ല.
പാകിസ്താൻ ഉൾപ്പടെ പല മുസ്ലിം രാജ്യങ്ങളും ഗസ്സയിലേക്ക് സേനയെ അയക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അമേരിക്ക കൂടുതൽ വെട്ടിലായി. ഗസ്സയിൽ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കില്ലെന്ന ഇസ്രായേൽ തീരുമാനവും രണ്ടാംഘട്ട ചർച്ചക്ക് തിരിച്ചടിയാണ്. കരാർ അട്ടിമറിക്കാനുള്ള ഇസ്രയേൽ നീക്കത്തെ അമർച്ച ചെയ്യണമെന്ന് ഈജിപ്ത് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലുംവെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ഇന്നലെയും തുടർന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഖബാതിയയിൽ ഇസ്രായേൽ സൈന്യം പിടിമുറുക്കുകയും പ്രദേശത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. നിരവധി ഫലസ്തീൻകാരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. സോമാലിയയുടെ ഭാഗമായ സോമാലിലാന്‍റിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ഇസ്രായേൽ നടപടിക്കെതിരെ അറബ് ലീഗും ഒഐ.സിയും ശക്തമായ പ്രതഷേധം അറിയിച്ചു. സോമാലിയയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി.