സുഡാനിൽ സ്ഥിതി അതിസങ്കീർണം; കൂട്ടക്കൊല തുടരുന്ന അൽ ഫാഷിർ നഗരത്തിൽ ആയിരങ്ങളെ കാണാനില്ല
നഗരത്തിലുള്ള ഒരു ലക്ഷത്തോളം പേർ ഇപ്പോഴും മരണത്തെ മുന്നിൽ കണ്ടാണ് കഴിയുന്നത്
Photo-Reuters
ഖാർത്തൂം: സുഡാനിൽ കൂട്ടക്കൊല നടന്ന അൽ ഫാഷിർ നഗരത്തിൽ ആയിരങ്ങളെ കാണാനില്ല. ആര്‍എസ്എഫ് സംഘം പുരുഷന്മാരെ തിരഞ്ഞുപിടിച്ച് വധിച്ചെന്നും ദൃക്സാക്ഷികൾ വിവരിക്കുന്നു.
നഗരത്തിലുള്ള ഒരു ലക്ഷത്തോളം പേർ ഇപ്പോഴും മരണത്തെ മുന്നിൽ കണ്ടാണ് കഴിയുന്നത്. അൽ ഫാഷിർ നഗരത്തിൽ നിന്ന് രക്ഷപ്പെട്ടവർ, തങ്ങൾ നേരിട്ട ക്രൂരതകൾ ലോകത്തോട് വിവരിച്ചു. ഇതിനിടെയാണ് നൂറുകണക്കിന് പുരുഷന്മാരെ ഒന്നിച്ച് തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തതിൻ്റെ വിവരങ്ങളും പുറത്തുവന്നത്. ഇനിയും നഗരത്തിൽ ഒന്നര രക്ഷത്തിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്.
നാല് ദിവസത്തിനിടെ ഇവിടെ രണ്ടായിരം പേർ കൊല്ലപ്പെട്ടു. അൽ ഫാഷിർ നഗരത്തിലേക്കുള്ള ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടവരാണ് കൂട്ടക്കൊലകളെക്കുറിച്ച് വെളിപ്പെടുത്തിയത്. സുഡാനിൽ ഒന്നര കോടിയിലധികം പേർ, പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്.
അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പിടിക്കാനായി രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ 2023 മുതൽ നടക്കുന്നത്. സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്(ആര്‍എസ്എഫ് ) എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി വടംവലി. സുഡാൻ സായുധ സേനയുടെ ശക്തികേന്ദ്രമായിരുന്ന അൽ ഫാഷർ നഗരത്തെ ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയത്. ഇത്രയും വലിയ കൊടും ക്രൂരത അരങ്ങേറിയിട്ടും ലോക രാജ്യങ്ങൾ ഇതുവരെ ഇടപെട്ടിട്ടില്ല.