പ്രതിഷേധം കടുത്തു; തീവ്രഹിന്ദുത്വ നേതാവ് സാധ്വി ഋതംബരയുടെ പരിപാടി ന്യൂജേഴ്‌സിയിലെ ചര്‍ച്ച് റദ്ദാക്കി

പൊതുജനങ്ങളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് പ്രാദേശിക പത്രമായ നോർത്ത് ജേഴ്‌സി റിപ്പോർട്ട് ചെയ്തു

Update: 2022-09-13 03:55 GMT
Editor : Jaisy Thomas | By : Web Desk

ന്യൂജേഴ്‌സി: വിശ്വഹിന്ദു പരിഷത്ത് നേതാവും തീവ്രഹിന്ദുത്വ വാദിയുമായ സാധ്വി ഋതംബരയുടെ പരിപാടി ന്യൂജേഴ്‌സിയിലെ പള്ളി റദ്ദാക്കി. പൊതുജനങ്ങളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് പ്രാദേശിക പത്രമായ നോർത്ത് ജേഴ്‌സി റിപ്പോർട്ട് ചെയ്തു.

ന്യൂജേഴ്‌സി റിഡ്ജ്‌വുഡിലെ ഓള്‍ഡ് പരാമസ് റിഫോംഡ് ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഋതാംബരയെ ക്ഷണിച്ചത്. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. പരിപാടി റദ്ദാക്കണമെന്നും അതിഥിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇ-മെയിലുകളും നൂറിലധികം ഫോണ്‍കോളുകളുമാണ് പള്ളിയിലെ പുരോഹിതനായ റവ. റോബര്‍ട്ട് മില്ലറിന് ലഭിച്ചത്. സാധ്വിയുടെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ക്ഷണിച്ചതെന്നും മില്ലര്‍ പറഞ്ഞു. പരിപാടി സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം പങ്കുവയ്ക്കുന്നതാണെന്നും ഇതിന് യോജിച്ച അതിഥിയല്ല സാധ്വിയെന്ന് തിരിച്ചറിഞ്ഞുവെന്നും ചര്‍ച്ച് കമ്മിറ്റി വ്യക്തമാക്കി.

Advertising
Advertising

വെള്ളിയാഴ്ച ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലും ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സും ചർച്ച്, ന്യൂജേഴ്‌സിയിലെ റിഡ്ജ്‌വുഡ് മേയർ, കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഇന്ത്യയിലെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ദുഷ്ടശക്തികള്‍ക്ക് ന്യൂജേഴ്‌സി അവസരം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും ഒപ്പം പരിപാടി റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ട്വീറ്റ് ചെയ്തു. 1995ല്‍ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഋതാംബരയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സാധ്വിയെപ്പോലുള്ള ഹിന്ദു തീവ്രവാദികൾ സമാധാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്‍റ് മുഹമ്മദ് ജവാദ് പറഞ്ഞു. "യുഎസിന്‍റെ ജനാധിപത്യ മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധമായ ഹിന്ദുത്വയുടെ വിദ്വേഷ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ആളുകൾക്ക് ന്യൂജേഴ്സി ഒരിക്കലും ഇടം നൽകരുത്," അദ്ദേഹം കൂട്ടിച്ചേർത്തു. 1995ല്‍ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഋതാംബരയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. മദര്‍ തെരേസയെ മാന്ത്രികയെന്നായിരുന്നു അന്ന് സാധ്വി പരാമര്‍ശിച്ചത്. ഇത് പിന്നീട് ഹിന്ദു- ക്രിസ്ത്യന്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളാണ് സാധി ഋതാംബര. വിശ്വ ഹിന്ദു പരിഷത്തിന്‍റെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുടെ (ആർമി ഓഫ് ദുർഗ ) സ്ഥാപക ചെയർപേഴ്സണായിരുന്നു. വിവാദപ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള നേതാവാണ് സാധ്വി. ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും സാധ്വി ഈയിടെ പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News