ഇസ്രായേലിന് തിരിച്ചടി; ഗസ്സ വംശഹത്യാ കേസിൽ അന്വേഷണം തടയണമെന്ന ഹരജി അന്താരാഷ്ട്ര കിമിനൽ കോടതി തള്ളി
രണ്ടു മാസത്തിലേറെ നീണ്ട വെടിനിർത്തൽ വേളയിൽ എണ്ണൂറിലധികം തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്.
ഹേഗ്: ഗസ്സ വംശഹത്യയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന് തിരിച്ചടി. കേസിൽ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഇസ്രയേൽ സമർപ്പിച്ച ഹരജി കോടതി തള്ളി. ഇസ്രായേൽ നേതാക്കൾക്കെതിരായ നിയമനടപടി തടയണം എന്ന ആവശ്യമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അപ്പീൽ ചേംബർ തള്ളിയത്. കീഴ്ക്കോടതിയുടെ മുൻ ഇത്തരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരാമെന്ന് അപ്പീൽ ചേംബർ നിർദേശിച്ചു.
ഇസ്രായേൽ നടത്തുന്ന വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ തുടരുന്ന നിയമനപടികൾ തടയുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നീക്കമാണ് വിഫലമായത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് എന്നിവർക്കെതിരെ നേരത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ തിരിച്ചടിയും.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കത്തെ ഫലസ്തീൻ കൂട്ടായ്മകൾ സ്വാഗതം ചെയ്തു. അതിനിടെ, വെടിനിർത്തൽ കരാർ നിലനിൽക്കെ, മുതിർന്ന ഹമാസ് കമാൻഡർ റാഇദ് സഅദിനെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ അമേരിക്ക ശക്തമായ പ്രതിഷേധം അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സക്രട്ടറി മാർകോ റൂബിയോ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് എന്നിവർ ഇസ്രായേൽ നേതൃത്വത്തെ തങ്ങളുടെ എതിർപ്പ് അറിയിച്ചെന്നാണ് റപ്പോർട്ട്.
ഈ മാസം 29ന് നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചയ്ക്ക് തയാറെടുക്കുന്നതിനിടയിലാണ് ഹമാസ് നേതാവിന്‍റെ വധം. രണ്ടു മാസത്തിലേറെ നീണ്ട വെടിനിർത്തൽ വേളയിൽ എണ്ണൂറിലധികം തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്. ഇതിലൂടെ നാനൂറോളം ഫലസ്തീനികൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 70,500ലേറെ പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയത്.
വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തൽ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ തങ്ങൾ നിർബന്ധിതമാകുമെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുദ്ധവും പ്രകൃതിക്ഷോഭവും മൂലം വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള അഭ്യർഥന ഇസ്രായേൽ തള്ളിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതാണ് സിഡ്‌നിയിലെ ഭീകരാക്രമണത്തിന് കാരണമായതെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോപണം ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തള്ളി.