ഒടുവിൽ ഉത്തര കൊറിയ സ്ഥിരീകരിച്ചു; രാജ്യത്ത് മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കോവിഡ് കേസുകൾ

രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായും കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു

Update: 2022-05-15 12:44 GMT
Advertising

ഉത്തരകൊറിയയിൽ വൻ കോവിഡ് വ്യാപനമുണ്ടായതായി ആദ്യമായി അധികൃതർ സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും 42 പേർ മരിച്ചതായും ഉത്തരകൊറിയൻ സ്‌റ്റേറ്റ് മാധ്യമമായ കെ.സി.എൻ.എ വ്യക്തമാക്കി. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് രാഷ്ട്ര തലവൻ കിം ജോങ് ഉൻ പറയുന്നത്.



രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായും കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. വാക്‌സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറൻൈറൻ ഏർപ്പെടുത്തുകയാണ് ഉത്തര കൊറിയ. രാജ്യ തലസ്ഥാനമായ പിയോങ്ഗ്യാങിൽ ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചതായി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടു വർഷമായി രാജ്യത്തുണ്ടായിരുന്ന കോവിഡ് പ്രതിരോധം പാളിയെന്ന് തെളിഞ്ഞിരിക്കുകയാണ്.



ഉത്തരകൊറിയയിലെ ആരോഗ്യരംഗം ലോകത്തിൽ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വാർത്തകൾ. കോവിഡ് വാക്‌സിനേഷനോ ആൻറി വൈറൽ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. എന്നാൽ നേരത്തെ ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്ത കോവിഡ് വാക്‌സിന് ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴും ഇവർ കോവിഡ് വാക്‌സിൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയ മറ്റൊരു ആണവ പരീക്ഷണം നടത്താനൊരുങ്ങുകയാണെന്നാണ് യുഎസ്സും ദക്ഷിണ കൊറിയയും ആരോപിക്കുന്നത്.

North Korea confirms eight million Covid 19 cases in three days

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News