'ഉ.കൊറിയൻ മിസൈൽ അര മണിക്കൂർ കൊണ്ട് അമേരിക്കയെ ചുട്ടുചാമ്പലാക്കും'- മുന്നറിയിപ്പുമായി ചൈനീസ് പ്രതിരോധ വിദഗ്ധർ

13,000 കി.മീറ്റർ ദൂരപരിധിയുള്ള വാസോങ്-15 ബാലിസ്റ്റിക് മിസൈലിനെക്കുറിച്ചുള്ള പഠനമാണ് ചൈനീസ് പ്രതിരോധ ജേണൽ പുറത്തുവിട്ടിരിക്കുന്നത്

Update: 2023-03-17 13:58 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്ജിങ്: ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെ മുന്നറിയിപ്പുമായി ചൈനീസ് പ്രതിരോധ വിദഗ്ധർ. വെറും അര മണിക്കൂർ കൊണ്ട് അമേരിക്കയെ തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ആയുധം ഉത്തര കൊറിയയുടെ കൈയിലുണ്ടെന്നാണ് വെളിപ്പെടുത്തൽ. സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉ.കൊറിയ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

ചൈനീസ് പ്രതിരോധ ജേണലായ 'മോഡേൺ ഡിഫൻസ് ടെക്‌നോളജി'യാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉ.കൊറിയ പരീക്ഷിച്ച വാസോങ്-15 ബാലിസ്റ്റിക് അടക്കമുള്ള മിസൈലുകളെക്കുറിച്ചാണ് പഠനത്തിൽ ചൈനീസ് പ്രതിരോധ വിദഗ്ധർ വിലയിരുത്തിയത്. 13,000 കി.മീറ്റർ ദൂരപരിധിയുള്ള വാസോങ്ങിന് ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. ഉ.കൊറിയയുടെ മധ്യഭാഗത്തുനിന്ന് മിസൈൽ തൊടുത്തുവിട്ടാൽ വെറും 1,997 സെക്കൻഡ് കൊണ്ടായിരിക്കും മധ്യ അമേരിക്കയിൽ അതു ചെന്ന് പതിക്കുക. അതായത് 33 മിനിറ്റ് മാത്രം.

ഉ.കൊറിയ മിസൈൽ തൊടുത്തുവിട്ടാൽ 20 സെക്കൻഡ് കൊണ്ട് യു.എസ് മിസൈൽ പ്രതിരോധ ആസ്ഥാനത്ത് മുന്നറിയിപ്പ് ലഭിക്കും. മുന്നറിയിപ്പ് ലഭിച്ച് 11 മിനിറ്റ് കഴിഞ്ഞായിരിക്കും അലാസ്‌കയിലെ ഫോർട്ട് ഗ്രീലിയിലുള്ള പ്രതിരോധകേന്ദ്രത്തിൽനിന്ന് മിസൈൽവേധ മിസൈലുകൾ വിക്ഷേപിക്കാനാകുക. ഇത് പരാജയപ്പെട്ടാൽ കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്‌പെയ്‌സ് ഫോഴ്‌സ് ബേസിൽനിന്നും മിസൈൽവേധ മിസൈലുകൾ വിക്ഷേപിക്കും. ഇതും പരാജയപ്പെടുകയാണെങ്കിൽ ഉ.കൊറിയൻ മിസൈൽ യു.എസിന്റെ വലിയൊരു ഭാഗവും വിഴുങ്ങിക്കഴിഞ്ഞിരിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.

സൗത്ത് യോങ്ങാൻ പ്രവിശ്യയിലുള്ള വാസോങ് മിസൈലിന്റെ ലക്ഷ്യം മധ്യ അമേരിക്കൻ സംസ്ഥാനമായ മിസോറിയിലെ കൊളംബിയയാണ്. യു.എസിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരനഗരങ്ങളെയെല്ലാം അതിവേഗത്തിൽ വിഴുങ്ങാൻ ശേഷിയുണ്ട് മിസൈലിന്. ഇതിനെ തകർക്കാൻ യു.എസ് പ്രതിരോധ സംവധാനങ്ങൾ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ വലിയൊരു ഭാഗവും നിമിഷങ്ങൾക്കകം നാമാവശേഷമാകുമെന്നാണ് ചൈനീസ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Summary: North Korea's Hwasong-15 missile can hit and destroy US in 33 minutes, warns a new study by Chinese defence scientists

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News