അഞ്ചാം നിലയില്‍ നിന്നും വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് യുവാവ്; വീഡിയോ

ചൊവ്വാഴ്ച സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് സംഭവം

Update: 2022-07-26 04:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെയ്ജിംഗ്: ഒറ്റ നിമിഷം കൊണ്ട് ചൈനയിലെ ഹീറോയായി മാറിയിരിക്കുകയാണ് ഒരു യുവാവ്. അയാള്‍ ചെയ്ത പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞാല്‍ ഒരുപക്ഷേ ഹീറോ എന്നായിരിക്കില്ല 'രക്ഷകന്‍' എന്നായിരിക്കും വിളിക്കും. അഞ്ചാം നിലയിലെ ഫ്ലാറ്റിന്‍റെ ജനലിലൂടെ തെറിച്ചുവീണ രണ്ടു വയസുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയാണ് യുവാവ് ഹീറോ ആയി മാറിയത്.

ചൊവ്വാഴ്ച സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ട്വിറ്ററിൽ പങ്കുവച്ചു. 'നമുക്കിടയിലെ വീരന്‍മാര്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷെൻ ഡോങ്(31) എന്ന യുവാവ് ഫോണിലൂടെ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ഒരു വലിയ ശബ്ദം കേള്‍ക്കുന്നത്. അഞ്ചാം നിലയില്‍ നിന്നും വീഴുന്ന വഴി രണ്ടുവയസുകാരി ഇടയിലുള്ള മേൽക്കൂരയിൽ വീഴുന്ന ശബ്ദമാണ് കേട്ടത്. പിന്നീട് അവിടെനിന്നും കുട്ടി താഴേക്ക് വീണു. ഞെട്ടിത്തരിച്ച ഷെങ് ഫോണ്‍ വലിച്ചെറിഞ്ഞ് കുട്ടിയെ രക്ഷിക്കാനായി കെട്ടിടത്തിന് അടുത്തേക്ക് ഓടി. ഈ സമയം ഒരു യുവതിയും കൂടെയുണ്ടായിരുന്നു. ഇരുകൈകളും നീട്ടി മുകളിലേക്ക് നോക്കി നില്‍ക്കുന്ന ഷെങിന്‍റെ കൈകളിലേക്ക് തന്നെ കുട്ടി വീഴുകയും ചെയ്തു. അപകടത്തെ തുടർന്ന് കുഞ്ഞിന്‍റെ കാലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. ഇപ്പോൾ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. 139,000-ലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. 'യഥാര്‍ഥ ഹീറോകള്‍ സിനിമയില്‍ മാത്രമല്ല, ഈ ലോകത്തുമുണ്ട്' എന്നാണ് ഒരാള്‍ കുറിച്ചത്. 'ഇതിഹാസ ക്യാച്ച്! ആ രണ്ടുപേർക്കും ഒരു മെഡൽ കൊടുക്കൂ' മറ്റൊരാളുടെ അഭിപ്രായം. റീല്‍ ലൈഫല്ല,റിയല്‍ ലൈഫ് ഹീറോയാണെന്ന് മറ്റൊരാള്‍ കുറിച്ചു. "സത്യം പറഞ്ഞാൽ, എനിക്കൊന്നും ഓര്‍മയില്ല. എന്‍റെ കൈകൾ വേദനിച്ചുവെന്നോ മറ്റെന്തെങ്കിലും സംഭവിച്ചുവെന്നോ ഓര്‍ക്കുന്നില്ല. അതെങ്ങനെയോ സംഭവിച്ചതാണ്'' ഷെങ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News