'മേയ് 10ന് പാക് സൈന്യം വിളിച്ചു, വെടിനിര്‍ത്താന്‍ അപേക്ഷിച്ചു'; മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് യുഎന്നില്‍ ആവര്‍ത്തിച്ച് ഇന്ത്യ

യുഎന്‍ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള വേദികള്‍ തീവ്രവാദത്തെ വെളുപ്പിച്ചെടുക്കാനുള്ള അവസരമാക്കുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ

Update: 2026-01-27 09:05 GMT

യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പി. ഹരീഷ് 

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വെടിനിര്‍ത്തലില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്‍ വ്യക്തമാക്കി ഇന്ത്യ. പാക് സൈന്യം നേരിട്ട് വിളിച്ച് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പി. ഹരീഷ് പറഞ്ഞു. താന്‍ ഇടപെട്ടാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണിത്.

'ഇന്ത്യക്ക് നേരെ കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു മേയ് ഒമ്പത് വരെ പാക്കിസ്ഥാന്റെ ഭീഷണി. എന്നാല്‍, മേയ് 10ന് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ നേരിട്ട് വിളിച്ച് വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്റെ വിവിധ വ്യോമതാവളങ്ങളിലുണ്ടായ നാശനഷ്ടത്തിന്റെ ദൃശ്യങ്ങള്‍ ആര്‍ക്കും ലഭിക്കും. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും' -ഹരീഷ് പറഞ്ഞു.

Advertising
Advertising

സുരക്ഷാ കൗണ്‍സിലിലെ തുറന്ന ചര്‍ച്ചയുടെ സമയത്ത് പാക്കിസ്ഥാന്‍ സ്ഥിരം പ്രതിനിധി അസിം ഇഫ്തികര്‍ അഹമ്മദാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഉന്നയിച്ചത്. പ്രകോപനമില്ലാത്ത സൈനിക ആക്രമണമാണ് ഇന്ത്യ നടത്തിയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനായിരുന്നു ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടതെന്ന് പി. ഹരീഷ് പറഞ്ഞു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ആക്രമിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.

സിന്ധുനദീജല കരാര്‍ റദ്ദാക്കിയതും പാക് പ്രതിനിധി ഉന്നയിച്ചു. എന്നാല്‍, കരാര്‍ 65 വര്‍ഷമായി തുടരുകയായിരുന്നെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ പതിവാക്കിയതോടെയാണ് റദ്ദാക്കിയതെന്നും ഇന്ത്യ മറുപടി നല്‍കി. കശ്മീര്‍ വിഷയവും പാക് പ്രതിനിധി ഉയര്‍ത്തി. ജമ്മു കശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പി. ഹരീഷ് മറുപടി നല്‍കി. യുഎന്‍ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള വേദികള്‍ പാക്കിസ്ഥാന്റെ തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടുകള്‍ വെളുപ്പിച്ചെടുക്കാനുള്ള അവസരമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News