മേശ നീക്കുന്നതിനിടെ താഴെവീണ് പൊട്ടിയത് 1.24 കോടിയുടെ രത്ന വളകൾ; ജീവനക്കാരനെ ഞെട്ടിച്ച് ജ്വല്ലറി ഉടമയുടെ പ്രതികരണം
പൊട്ടിയ വളകള്‍ക്ക് ഇന്‍ഷുറന്‍സില്ലായിരുന്നുവെന്നും കടയുടമ സ്ഥിരീകരിച്ചു
representative image
ബീജിങ്: ചെറിയ തെറ്റുകൾക്ക് പോലും പലപ്പോഴും ജോലി നഷ്ടമാകുകയോ കനത്ത ശിക്ഷകൾ നൽകുകയോ ചെയ്യുന്ന ലോകത്ത് ചൈനയിലെ ഒരു ജ്വല്ലറി ഉടമയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അബദ്ധത്തില്‍ ജീവനക്കാരന്‍റെ കൈയില്‍ നിന്ന് ഒരു ദശലക്ഷം യുവാൻ (₹1.24 കോടി) വിലമതിക്കുന്ന രത്ന വളകൾ വീണുപൊട്ടി.
ജിയാങ്‌സു പ്രവിശ്യയിലെ സുഷോവിൽ ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ഇത്രയും വിലമതിപ്പുള്ള വള പൊട്ടിച്ചതിന് ജീവനക്കാരനെതിരെ കേസ് കൊടുക്കുകയോ,നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്യുന്നതിന് പകരം ജ്വല്ലറി ഉടമ അയാളോട് ക്ഷമിക്കാനാണ് തയ്യാറായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മേശ നീക്കുന്നതിനിടെയാണ് അബദ്ധത്തില്‍ രത്നവളകള്‍ ഇട്ടുവെച്ചിരുന്ന പെട്ടി താഴെ വീഴുന്നത്. പൊട്ടിയ വളകള്‍ നിലത്ത് നിന്ന് ശേഖരിക്കുന്ന സമയത്താണ് ജീവനക്കാരന്‍ അതിന്‍റെ വില കണ്ട് ഞെട്ടിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ 50 റഷ്യൻ നെഫ്രൈറ്റ് വളകളിൽ 30 ലധികം എണ്ണം പൂർണ്ണമായും നശിച്ചെന്നും ഇവക്കൊന്നും ഇന്‍ഷുറന്‍സ് ഇല്ലെന്നും ചെങ് എന്ന കുടുംബപ്പേരില്‍ അറിയപ്പെടുന്ന കടയുടെ ഉടമ സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കനത്ത നാശനഷ്ടം ഉണ്ടായിട്ടും ഏതാനും ഏതാനും മാസങ്ങൾക്ക് മുമ്പ് കടയിൽ ജോലിക്ക് ചേര്‍ന്ന ജീവനക്കാരനോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ചെങ് തയ്യാറായില്ല. 'മേശ മാറ്റിവെക്കണമെന്ന് ഞാനാണ് ജീവനക്കാരനോട് ആവശ്യപ്പെട്ടത്. അനുഭവ പരിചയമില്ലാത്തതും അശ്രദ്ധയും കാരണം ആ വളകള്‍ വീണുപൊട്ടി'.. ഉടമ പറയുന്നു.
ജീവനക്കാരനെ വാക്ക് കൊണ്ടുപോലും നോവിക്കാന്‍ ചെങ് തയ്യാറായില്ല. ഈ അപകടം ഒരു പാഠമായി കണക്കാക്കണമെന്നും ഉത്തരവാദിത്തത്തെയും ക്ഷമയെയും കുറിച്ച് എല്ലാ ജീവനക്കാര്‍ക്കും ഇതൊരു പാഠമായി മാറണമെന്നും കടയുടമ നിര്‍ദേശിച്ചു. “യുവാക്കൾ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംഭവം എല്ലാവർക്കും വിലപ്പെട്ട എന്തെങ്കിലും പഠിപ്പിക്കണം. ചെങ് പറഞ്ഞു. ജീവനക്കാര്‍ക്കുള്ള ഓർമ്മപ്പെടുത്തലായി തകർന്ന വളകൾ കടയിൽ പ്രദർശിപ്പിക്കാനും ചെങ് തീരുമാനിച്ചു.
സംഭവത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്
അപകടം നടക്കുന്ന സമയത്ത് 6.7 മില്യണ്‍ ഫോളോവേഴ്‌സുള്ള ചൈനീസ് നടൻ ടാൻ കൈ കടയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രമോഷണല്‍ വിഡിയോക്കായി മേശ നീക്കുന്ന സമയത്താണ് രത്നവള വീണ് പൊട്ടുന്നത്. സംഭവത്തില്‍ നടനും പ്രതികരിച്ചു. ഞാന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അതിന്‍റെ ഉത്തരവാദിത്തം എനിക്ക് കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി ഉടമയുടെ നഷ്ടം നികത്താന്‍ തന്നെക്കൊണ്ടാവുന്നത് ചെയ്യുമെന്നും ടാൻ കൈ വ്യക്തമാക്കി.
അതേസമയം,ജ്വല്ലറി ചെങ്ങിന്‍റെ സഹാനുഭൂതിയെയും നല്ല മനസിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയായാണ് സോഷ്യല്‍മീഡിയ. ഹൃദയം തകർക്കുന്ന സമയത്ത്, കടയുടമയും ക്ലാർക്കും ഉപഭോക്താവും ദയയും ഉത്തരവാദിത്തവും പ്രകടിപ്പിച്ചെന്നും ഇത് വലിയൊരു പാഠമാണെന്നും ചിലര്‍ പ്രതികരിച്ചു. പൊട്ടിയ രത്നക്കല്ലുകള്‍ ഉപയോഗിച്ച് മറ്റ് ആഭരണങ്ങള്‍ ഉണ്ടാക്കിയാല്‍ നഷ്ടം പരമാവധി നിരത്താമെന്നും ചിലര്‍ ഉപദേശിച്ചു. ഉടമയുടെ കരുണ തന്‍റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെ സംരക്ഷിച്ചു എന്ന് വളകള്‍ പൊട്ടിച്ച ജീവനക്കാരനും പിന്നീട് പ്രതികരിച്ചു. ഉടമയുടെ ദയക്ക് പകരം നല്‍കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും ഒരുപാട് നന്ദി പറയുന്നുവെന്നും ജീവനക്കാരന്‍ പ്രതികരിച്ചു.