20 വർഷം യുഎസ് സൈനിക തടവറയിൽ; ഒടുവിൽ നാട്ടിലേക്ക് തിരിച്ചെത്തി പാക് സഹോദരങ്ങൾ
2002 സെപ്തംബറിൽ കറാച്ചിയിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്
വാഷിംഗ്‌ടൺ: ഗ്വാണ്ടനാമോ ബേയിലെ അമേരിക്കൻ സൈനിക ജയിലില്‍ നിന്ന് രണ്ട് പാകിസ്താനികള്‍ കൂടി മോചിതരായി. 20 വർഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങളായ അബ്ദുൽ റബ്ബാനി, മുഹമ്മദ് റബ്ബാനി എന്നിവരെ നാട്ടിലേക്ക് തിരിച്ചയതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1967-ൽ ജനിച്ച അബ്ദുൽ റബ്ബാനി ജയിലിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അൽ ഖാഇദയ്ക്കുവേണ്ടി സുരക്ഷിത താവളമൊരുക്കി എന്ന ആരോപണമാണ് അബ്ദുൽ റബ്ബാനിക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ അൽ ഖാഇദയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തമായ അറിവ് ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
ജ്യേഷ്ഠനെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിച്ചു എന്നതാണ് മുഹമ്മദ് റബ്ബാനിക്കെതിരെയുള്ള ആരോപണം. 17 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ കോൾ മിസൈൽ ഡിസ്‌ട്രോയർ ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരന് ആവശ്യമായ ഫണ്ട് സംഘടിപ്പിച്ചതായും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.
2002 സെപ്തംബറിൽ കറാച്ചിയിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. 2004-ൽ ഗ്വാണ്ടനാമോ ബേയിൽ എത്തിയ ഇരുവർക്കും 2021-ൽ പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇവരുടെ മോചനത്തോടെ ഗ്വാണ്ടനാമോ ബേയിൽ അവശേഷിക്കുന്ന തടവുകാരുടെ എണ്ണം 32 ആയി. ഇവരിൽ 18 പേരുടെ കൈമാറ്റം ആലോചനയിലാണ്. 9 പേർ യുഎസ് മിലിട്ടറി കമ്മീഷനുകളിൽ വിചാരണയിലാണ്. എന്നാൽ രണ്ടുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.