നിരോധനാജ്ഞ, 10,000 സൈനികര്‍; അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ഇസ്‍ലാമാബാദില്‍ കനത്ത സുരക്ഷ

അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പായി സ്പീക്കറെ പുറത്താക്കണമെന്ന് പ്രതിപക്ഷം

Update: 2022-04-03 06:27 GMT

പാകിസ്താനില്‍ സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. വോട്ടെടുപ്പിന് മുന്‍പായി സ്പീക്കറെ പുറത്താക്കണമെന്നാണ് ആവശ്യം. ഇസ്‍ലാമാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 10,000 സൈനികരെ വിന്യസിച്ചു. നഗരത്തില്‍ 144 പ്രഖ്യാപിച്ചു. 

176 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. 342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണം. ഇംറാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.

Advertising
Advertising

ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്‍റ്-പാകിസ്താൻ (എം.ക്യു.എം-പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാൻ അവാമി പാർട്ടി, ഒരു അംഗമുള്ള പി.എം.എൽ-ക്യൂ എന്നിവ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇംറാന്‍റെ നില പരുങ്ങലിലായത്. പി.ടി.ഐയിൽതന്നെ ഇംറാനോട് എതിർപ്പുള്ളവരുണ്ട്. ഇതിൽ ചിലർ കൂറുമാറുമെന്ന അഭ്യൂഹം ശക്തമാണ്.

അവിശ്വാസ പ്രമേയ വോട്ടെട്ടുപ്പ് നടക്കുമ്പോൾ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഇംറാൻ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. തന്നെ പുറത്താക്കാൻ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം ഇംറാന്‍ ആവർത്തിച്ചു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇംറാൻ ഖാൻ.

താന്‍ രാജി വെയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുമെന്നും ഇംറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ ഇംറാന് കഴിയില്ല. 

Summary- Pakistan Prime Minister Imran Khan is set to face the no-confidence vote in the National Assembly

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News