അധിനിവേശ ആക്രമണങ്ങളെ വിമർശിച്ച ഫലസ്തീൻ ഫുട്‌ബോൾ താരം ഇസ്രായേൽ ദേശീയ ടീമിൽ നിന്ന് രാജിവെച്ചു
അഭിപ്രായപ്രകടനത്തിൽ സഹതാരങ്ങളോട് പരസ്യമായി മാപ്പ് പറയാൻ അദ്ദേഹം നിർബന്ധിതനായിരുന്നു
ജറുസലേം: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ശക്തമായി വിമർശിച്ച ഫലസ്തീൻ വംശജനായ ഫുട്ബോൾ താരം മോനെസ് ദബ്ർ ഇസ്രായേൽ ദേശീയ ടീമിൽ നിന്ന് രാജിവെച്ചു. 30 കാരനായ ദബ്ർ നസ്‌റത്തിലാണ് ജനിച്ചത്. ദബ്ബൂറിന്റെ ജന്മനഗരം ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തെ അതിജീവിച്ച ഫലസ്തീനികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടീം വിടുന്ന കാര്യം ആരാധകരെ അറിയിച്ചത്. എന്നാൽ ടീം വിടാനുള്ള കാരണം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. 'ഇസ്രായേൽ ദേശീയ ടീമിലെ എന്റെ ഭാഗം അവസാനിച്ചിരിക്കുന്നു. ഈ തീരുമാനം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു'. അദ്ദേഹം വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇസ്രായേൽ അധിനിവേശ സേന അൽഅഖ്സ മസ്ജിദ് വളപ്പിൽ ആക്രമണം നടത്തിയതിനെ മോനെസ് ദബ്ർ രൂക്ഷമായി വിമർശിച്ചിരുന്നു. 'അനീതി ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും' എന്നും അദ്ദേഹം അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഇസ്രായേലിൽനിന്ന് കടുത്ത എതിർപ്പുകളുയർന്നിരുന്നു. ഈ അഭിപ്രായപ്രകടനത്തിൽ സഹതാരങ്ങളോട് പരസ്യമായി മാപ്പ് പറയാൻ അദ്ദേഹം നിർബന്ധിതനാകുകയും ചെയ്തിരുന്നു. കൂടാതെ പലതവണ ടീമിൽ നിന്ന് പുറത്തിരിക്കേണ്ടിയും വന്നിരുന്നു. അധിക്ഷേപങ്ങൾ കൂടിയപ്പോൾ ദേശീയ ടീമിൽ നിന്ന് പുറത്ത് പോകുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി ദബ്ബറിന്റെ സഹോദരൻ അനസ് കഴിഞ്ഞ ജൂലൈയിൽ ഇസ്രായേലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.