ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് നിവർത്താനായില്ല; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ശനിയാഴ്ച തായ്‌ലാൻഡിലെ പട്ടായയിലാണ് സംഭവം. 33കാരനായ നാതി ഒഡിൻസനാണ് 29 നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ചത്

Update: 2024-01-29 07:38 GMT
Editor : rishad | By : Web Desk

പട്ടായ: ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് നിവർത്താൻ കഴിയാത്തതിനെ തുടർന്ന് ബ്രിട്ടീഷ് ബേസ് ജംബർക്ക് ദാരുണാന്ത്യം. 33കാരനായ നാതി ഒഡിൻസനാണ് 29 നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ചത്. കഴിഞ്ഞ ശനിയാഴ്ച തായ്‌ലാൻഡിലെ പട്ടായയിലാണ് സംഭവം.

പട്ടായയിലെ തീരദേശ റിസോർട്ടിൽ നിയമവിരുദ്ധമായാണ് ഇദ്ദേഹം സാഹസത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ കേംപ്ഡ്രിജ്‌ഷെറുകാരനാണ് മരിച്ച നാതി. സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കെട്ടിടത്തിലേക്ക് എത്തിയത്. ഏതാനും സുഹൃത്തുക്കൾ ഇയാളുടെ ചാട്ടം താഴെ നിന്ന് വീഡിയോയിൽ പകർത്തുണ്ടായിരുന്നു. ചാടിയതിന് പിന്നാലെ പാരഷൂട്ട് നിവർത്താൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

Advertising
Advertising

പിന്നാലെ മരച്ചില്ലകൾക്കിടിയിലൂടെ ഇയാൾ താഴേക്ക് പതിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഇതിന് മുമ്പും ഇയാൾ ഇവിടെ എത്തി അഭ്യാസ പ്രകടനം നടത്തിയിട്ടുണ്ട്.  അതേസമയം ചാടുന്ന വീഡിയോ പകർത്തിയ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. വീഡിയോ തെളിവായി എടുത്തിട്ടുണ്ടെന്നും ഫോറൻസിക് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ പരിശോധന നടത്തിവരികയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പരിചയസമ്പന്നനായ ബേസ് ജംബറാണ് നാതി. തൻ്റെ സാഹസികതകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നാതീസ് സ്കൈ ഫോട്ടോഗ്രഫി എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ.

അതേസമയം അപകടവിവരം ബാങ്കോക്കിലെ ബ്രിട്ടീഷ് എംബസിയെ അറിയിച്ചു. അവർ ബ്രിട്ടനിലുള്ള അദ്ദേഹത്തിൻ്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അത്യന്തം അപകടം പിടിച്ച സാഹസിക വിനോദമാണ് ബേസ് ജമ്പിംഗ്. ഉയരംകൂടിയ കെട്ടിടത്തിന് മുകളില്‍ നിന്നോ വിമാനത്തില്‍ നിന്നോ ഒക്കെ പാരഷൂട്ടിന്റെ സഹായത്തോടെ താഴേക്ക് ഇറങ്ങുന്നതാണ് രീതി. ലാന്‍ഡിങിന് മുമ്പാണ് പാരഷൂട്ട് നിവരുക എന്നതിനാല്‍ മനോധൈര്യവും പരിശീലനവും അതാവശ്യമാണ്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News