12ആം വയസ്സിൽ കോടികളുടെ ബിസിനസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പിക്സി
ഒരു കോടിയിലധികം രൂപയാണ് ഈ 12 വയസുകാരിയുടെ പ്രതിമാസ വരുമാനം.
ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് ലോകത്ത് ശതകോടീശ്വരിയായി മാറിയ യുവ സംരംഭക വിരമിക്കൽ പ്രഖ്യാപിച്ചു. 12 വയസുകാരി പിക്‌സി കർട്ടിസാണ് കോടികളുടെ സംരംഭത്തിൽ നിന്നും വിരമിക്കുന്നത്. തന്റെ ജന്മദിനത്തിലാണ് പിക്സി റിട്ടയര്‍മെന്റ് പ്രഖ്യാപനം നടത്തിയത്. ജന്മദിനത്തോടൊപ്പം ബിസിനസിൽ നിന്നുളള റിട്ടയര്‍മെന്റ് പാർട്ടി കൂടി നടത്തിയാണ് തന്റെ വിരമിക്കൽ ലോകത്തെ അറിയിച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ പ്രതിമാസം 133,000 ഡോളറിലധികം ഈ യുവ സംരഭക സമ്പാദിക്കുന്നുണ്ട്. അതായത്, നമ്മുടെ പ്രതിമാസം ഒരു കോടിയിലധികം രൂപയാണ് ഈ 12 വയസുകാരിയുടെ പ്രതിമാസ വരുമാനം.
ഓസ്‌ട്രേലിയൻ കളിപ്പാട്ട കമ്പനിയായ പിക്സിസ് ഫിജെറ്റ്സ് എന്ന കോടികള്‍ ആസ്തിയുള്ള കമ്പനിയുടെ സി.ഇ.ഒയാണ് പിക്സി. 2021ലാണ് ബിസിനസുകാരിയായ അമ്മ റോക്‌സി ജാസെങ്കോയുമായി ചേർന്ന് കമ്പനി ആരംഭിക്കുന്നത്. കൊവിഡ് കാലം പിക്സിയുടെ ബിസിനസിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. ബോ വില്‍പനയായിലൂടെയായിരുന്നു ബിസിനസ് തുടക്കം കുറിച്ചത്. പിന്നീട് ഫിജറ്റ് സ്‍പിന്നറുകളുടെ വ്യാപാരത്തിലേക്ക് തിരിഞ്ഞതോടെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറുകയായിരുന്നു പിക്സി.
ഇന്ന് ഓസ്ട്രേലിയയില്‍ ഏറ്റവും ജനപ്രിയമായ ഓണ്‍ലൈൻ കിഡ്സ് സ്റ്റോറാണ് പിക്സിസ് ഫിജെറ്റ്സ്. 2023ല്‍ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിലായിരുന്നു പിക്സിയുടെ മാസ വരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനം ഓടിക്കാനുള്ള ലൈസന്‍സ് കിട്ടിയില്ലെങ്കിലും ഒരു മെര്‍സിഡസ് ബെന്‍സ് കാര്‍ പിക്സി സ്വന്തമാക്കുകയും ചെയ്തു. പത്താം ജന്മദിനത്തിൽ അമ്മ സമ്മാനിച്ചതാണ് ഇത്.
വിരമിക്കുന്നത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് പിക്സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള റിപ്പോർട്ട് ചെയ്തു. ഭാവിയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് 12-ാം ജന്മദിന ആഘോഷവും വിരമിക്കൽ പാർട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ റോക്സിയാണ് പറഞ്ഞു തന്നതെന്നും പിക്സി പറഞ്ഞു. പാർട്ടിയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.