എലിസബത്ത് രാജ്ഞിയെ 1983ലെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഒരാള്‍ വധിക്കാന്‍ പദ്ധതിയിട്ടതായി എഫ്.ബി.ഐ

രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു

Update: 2023-05-29 09:19 GMT
Editor : Jaisy Thomas | By : Web Desk

എലിസബത്ത് രാജ്ഞി

Advertising

ലണ്ടന്‍: 1983ലെ അമേരിക്കൻ സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞിയെ ഒരാള്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) വെളിപ്പെടുത്തല്‍. ബ്രിട്ടനില്‍ നിന്നു അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ എലിസബത്ത് രാജ്ഞിയെ വധിക്കാനായിരുന്നു പദ്ധതി. രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു.


സാന്‍ ഫ്രാന്‍സിസ്‌കോയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് രാജ്ഞിക്കെതിരെ വധശ്രമം ഉണ്ടാകുമെന്ന് എഫ്.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഐറിഷ് പബ്ബില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് വിവരം ലഭിച്ചത്. വടക്കന്‍ അയര്‍ലന്‍ഡില്‍ വെച്ച് മകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി താന്‍ രാജ്ഞിയെ വധിക്കുമെന്നാണ് ഒരാള്‍ പബ്ബില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. 1983 ഫെബ്രുവരി നാലിനായിരുന്നു അയാള്‍ ഭീഷണി മുഴക്കിയത്. ആ വര്‍ഷം മാര്‍ച്ചിലാണ് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കാലിഫോര്‍ണിയയിലേക്ക് പോകാന്‍ തീരുമാനിച്ചത്.



രാജ്ഞിയുടെ ആഡംബര നൗകയായ ബ്രിട്ടാനിയ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന് താഴെക്കൂടി കടന്നുപോകുമ്പോഴോ അല്ലെങ്കില്‍ രാജ്ഞി യോസ്മൈറ്റ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുമ്പോഴോ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതോടെ രാജ്ഞിയുടെ സന്ദര്‍ശന വേളയില്‍ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം എഫ്.ബി.ഐ തടഞ്ഞു. യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ രാജ്ഞി സന്ദര്‍ശിച്ചെങ്കിലും എന്ത് സുരക്ഷാ നടപടിയാണ് സ്വീകരിച്ചതെന്ന് എഫ്.ബി.ഐയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഫയലില്‍ വ്യക്തമാക്കുന്നില്ല. ഇതുസംബന്ധിച്ച് 102 പേജുകളടങ്ങിയ രേഖ എഫ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ വധശ്രമത്തിന് പദ്ധതിയിട്ടയാളെ അറസ്റ്റ് ചെയ്തോ എന്ന് വ്യക്തമാക്കിയിട്ടില്ല.



1991ല്‍ രാജ്ഞി യു.എസ് സന്ദര്‍ശിച്ചപ്പോള്‍, വൈറ്റ്ഹൗസില്‍ നടന്ന പരിപാടിയിലും ബേസ്ബോള്‍ കളിക്കിടെയും ഐറിഷ് വംശജരായ സംഘം പ്രശ്നങ്ങളുണ്ടാക്കുമോ എന്നും ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് 96-ാം വയസിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News