ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു

സർക്കാരിന്‍റെ തുടർച്ചയും അതുവഴി ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് രാജിയെന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു

Update: 2022-07-09 13:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊളംബോ: കലാപത്തിന് പിന്നാലെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. സർക്കാരിന്‍റെ തുടർച്ചയും അതുവഴി ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് രാജിയെന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു. സർവകക്ഷി സർക്കാർ രൂപീകരണം ഉടനുണ്ടാകുമെന്നാണ് സൂചന.

സ്പീക്കറുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ അടിയന്തിര യോഗത്തില്‍ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യം ഉയര്‍ന്നു. ആദ്യം രാജി ആവശ്യം നിരസിച്ചെങ്കിലും സമ്മര്‍ദ്ദമുയര്‍ന്നതോടെ രാജി വയ്ക്കാന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സന്നദ്ധത അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചാല്‍ അടുത്ത പ്രസിഡന്‍റ് ചുമതലയേല്‍ക്കുന്നതു വരെ ഭരണഘടനയനുസരിച്ച് സ്പീക്കര്‍ താല്‍ക്കാലിക പ്രസിഡന്‍റായി ചുമതലയേല്‍ക്കും. 1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് റെനിൽ വിക്രമസിംഗെ. മുൻപ് നാല് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായിട്ടുണ്ട്. രണ്ട് തവണ പ്രതിപക്ഷ നേതാവും ആയിരുന്നു റെനില്‍.

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന പൊതുജന രോഷത്തിനൊടുവിലാണ് തലസ്ഥാനത്തെ പ്രസിഡന്‍റിന്‍റെ വസതി പ്രക്ഷോഭകര്‍ കയ്യേറിയത്. അതേസമയം പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡുകൾ തകർത്ത് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുന്നതിന് മുന്‍പേ തന്നെ പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ ഔദ്യോഗിക വസതിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News