ഇസ്‌ലാമാബാദ്: വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഇസ്‌ലാമാബാദ് ഹൈക്കോടതി തടഞ്ഞു. മാർച്ച് 16 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഖാനെതിരെ കഴിഞ്ഞദിവസം കോടതി രണ്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഈ കേസുകളിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പുറപ്പട്ടതിനു പിന്നാലെയാണ് കോടതി ഇടപെടൽ. എന്നാൽ തോഷാഖാന കേസിൽ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ ഖാന്റെ അണികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
കേസിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതിനാൽ പൊലീസ് ലാഹോറിലെ സമാൻ പാർക്കിലെ ഇമ്രാൻ ഖാന്റെ വസതി ഇന്ന് വളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്‌നറുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഖാന്റെ വസതിക്ക് പുറത്ത് നിരവധി കവചിത വാഹനങ്ങളും നിലയുറപ്പിച്ചു.
അറസ്റ്റ് തടയാനായി അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് നിരവധി പി.ടി.ഐ പ്രവർത്തകരാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ പാകിസ്താൻ ഇൻസാഫ് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പി.ടി.ഐ പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു.
ഇമ്രാൻ ഖാന്റെ അറസ്റ്റ് ചെയ്യാൻ വാറന്റ് നിലവിലുണ്ടെന്ന് ഇസ്‌ലാമാബാദ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഓപ്പറേഷൻസ്) ഷഹ്സാദ് ബുഖാരിയെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. തോഷാഖാന കേസിൽ ഖാനെ അറസ്റ്റ് ചെയ്യുമെന്നും അതിനായാണ് എത്തിയതെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതിയാണ് ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
70കാരനായ പി.ടി.ഐ നേതാവ് വീഡിയോ ലിങ്ക് വഴി കോടതി നടപടികളിൽ ഹാജരാകാൻ തയ്യാറാണെന്ന് തിങ്കളാഴ്ചത്തെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അപേക്ഷ നിരസിച്ച മുതിർന്ന സിവിൽ ജഡ്ജി റാണാ മുജാഹിദ് റഹീം, ഖാനെ മാർച്ച് 29നകം കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
ഇതിനു പിന്നാലെ അറസ്റ്റ് നീക്കം തകൃതിയായി നടക്കുന്നതിനിടെയാണ് കോടതി ഉത്തരവിനെതിരെ ഖാൻ മേൽകോടതിയെ സമീപിച്ചതും ഒരു കേസിൽ താൽക്കാലിക ആശ്വാസം നേടിയതും. ഈ കേസിൽ മാർച്ച് 18നും പൊതുപരിപാടിയിൽ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് 21നും ഇമ്രാനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനായിരുന്നു കോടതി നിർദേശം.
ഇമ്രാൻ ഖാൻ കള്ളക്കേസുകളിൽ പൊലീസിന് കീഴടങ്ങില്ലെന്ന് മുതിർന്ന പി.ടി.ഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറന്റുകൾ ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ പൊലീസ് ഇപ്പോൾ കൊണ്ടുവന്ന പുതിയ വാറന്റ് എന്താണെന്ന് നോക്കേണ്ടതുണ്ട്'- ഹബീബ് പറഞ്ഞു.
പ്രധാനമന്ത്രി ആയിരുന്നപ്പോൾ ലഭിച്ച സമ്മാനങ്ങൾ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷാഖാന കേസ്. ഇരു കേസുകളിലും ഇമ്രാന് പലതവണ നോട്ടിസ് നൽകിയിട്ടും സെഷൻസ് കോടതിയിൽ ഹാജരാകാൻ തയാറായില്ല. ഇതോടെയാണ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം ഇസ്‌ലാമാബാദിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിനാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രിക്കെതിരെ കേസെടുത്തതും അറസ്റ്റ് നീക്കം ആരംഭിച്ചതും. ഈ കേസിൽ ഇമ്രാൻ ജഡ്ജിയെ നേരിട്ടു കണ്ട് ക്ഷമാപണം നടത്തിയെങ്കിലും ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.