ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം; ഖേദം പ്രകടിപ്പിക്കുന്നതായി ഇസ്രായേൽ

പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചു

Update: 2025-07-18 02:05 GMT

തെൽ അവിവ്: ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ​പ്രതിഷേധം ശക്തം. സംഭവിച്ച അബദ്ധത്തിന്​ ഖേദം പ്രകടിപ്പിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. അതേസമയം, സിറിയയിലെ ഇസ്രായേൽ ഇടപെടലിനെതിരെ സംയുക്​ത പ്രസ്താവനയുമായി തുർക്കിയും അറബ്​ രാജ്യങ്ങളും രംഗത്തുവന്നു.

ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ബോംബിട്ട് തകർത്ത ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്നുപേർ കൊല്ലപ്പെടുകയും 10 ​പേർക്ക് പരിക്കേൽക്കുകയും ​ചെയ്ത ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. അബദ്ധമാണ്​ സംഭവിച്ചതെന്നാണ്​ ഇസ്രായേലിന്റെ വിശദീകരണം. എന്നാൽ ഈ വാദം സ്വീകാര്യമല്ലെന്ന്​ ജറൂസലമിലെ ലാറ്റിൻ ചർച്ച് വികാരി പ്രതികരിച്ചു. പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപി​ച്ചു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

അതിനിടെ, വഴിമുട്ടിയ ദോഹ ചർച്ച പുനരാരംഭിക്കാനുതകുന്ന പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്​. ഈജിപ്ത്​, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളാണ്​ പുതിയ നിർദേശം സമർപ്പിച്ചതെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. സമ്പൂർണ യുദ്ധവിരാമം, സൈനിക പിൻമാറ്റം, കുറ്റമറ്റ ഭക്ഷ്യവിതരണം എന്നീ വിഷയങ്ങളിൽ കൂടുതൽ വ്യക്​തത വരുത്തുന്നതാണ് പുതിയ നിർദേശം എന്നാണ്​ റിപ്പോർട്ട്​. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ വ്യക്തമല്ല. ഇന്നലെ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയുടെ യോഗം ​നിർദേശം ചർച്ച ചെയ്തു.

ഹമാസുമായികരാർ രൂപപ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്ന്​ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിർ ആവർത്തിച്ചു. ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​​. അതേസമയം, ദുറുസ് സായുധ മത​ന്യൂനപക്ഷ വിഭാഗവുമായുള്ള വെടിനിർത്തലിന്‍റെ ഭാഗമായി സുവൈദ മേഖലയിൽ​നിന്ന് സിറിയൻ സൈന്യത്തെ പിൻവലിച്ചു. ദുറൂസുകളെ സംരക്ഷിക്കാനെന്ന പേരിൽ ബുധനാഴ്ച ഇസ്രായേൽ, സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയിരുന്നു. സിറിയയും ഇസ്രായേലുമായുള്ള സംഘർഷം പരിഹരിക്കുമെന്ന്​ അമേരിക്ക അറിയിച്ചു. സിറിയയുടെ സുരക്ഷയുംകെട്ടുറപ്പും ഉറപ്പു വരുത്തണമെന്ന്​ തുർക്കിയും അറബ്​ രാജ്യങ്ങളും സംയുക്​ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News