ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു

ലിസ്ബണിലെ സാന്‍റിയ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യന്‍ യുവതിക്ക് ഹൃദയാഘാതമുണ്ടായത്

Update: 2022-09-01 06:36 GMT
Editor : Jaisy Thomas | By : Web Desk

ലിസ്ബണ്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചതിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ സാന്‍റിയ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യന്‍ യുവതിക്ക് ഹൃദയാഘാതമുണ്ടായത്.

മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ താന്‍ അര്‍ഹയല്ലെന്ന് ടെമിഡോ പറഞ്ഞതായി പോർച്ചുഗലിന്‍റെ നാഷണൽ പബ്ലിക് ബ്രോഡ്കാസ്റ്റർ, ആർടിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. മരണവാർത്ത പുറത്തുവന്ന് അഞ്ച് മണിക്കൂറിന് ശേഷമായിരുന്നു രാജി. ടെമിഡോയുടെ രാജിക്കത്ത് പ്രതീക്ഷിച്ച് പകരം ആളെ നിയോഗിക്കാന്‍ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡി സൂസ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പബ്ലിക് പ്രസിഡൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നത്. അടുത്ത മന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ മാർട്ട ടെമിഡോ അധികാരത്തിൽ തുടരും. മന്ത്രിയെ സെപ്തംബർ 15 ന് നടക്കുന്ന മന്ത്രിമാരുടെ കൗൺസിൽ അംഗീകരിക്കണം. സ്റ്റേറ്റ് സെക്രട്ടറിമാരായ അന്‍റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും രാജിവച്ചു.

Advertising
Advertising

ശനിയാഴ്ചയായിരുന്നു യുവതി മരിച്ചത്. നിയോനറ്റോളജി യൂണിറ്റ് നിറഞ്ഞതുകൊണ്ടാണ് സാന്‍റാ മരിയയില്‍ നിന്നും ഗര്‍ഭിണിയെ സാവോ ഫ്രാൻസിസ്കോ സേവ്യറിലേക്ക് മാറ്റിയത്. ''സ്ത്രീയ അടിയന്തര പ്രസവ ശസ്ത്രക്രിയക്ക് വിധേയാക്കി. കുഞ്ഞിന് 722 ഭാരമാണ് ഉണ്ടായിരുന്നത്. മാസം തികയാതെ പ്രസവിച്ചതുകൊണ്ടും ഭാരക്കുറവായതുകൊണ്ടും കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും'' സാവോ ഫ്രാൻസിസ്കോ സേവ്യർ ഹോസ്പിറ്റലിലെ സെൻട്രോ ഹോസ്പിറ്റലാർ യൂണിവേഴ്‌സിറ്റേറിയോ ലിസ്ബോവ നോർട്ടെയുടെ കുറിപ്പില്‍ പറയുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News