കോലാപ്പുരി മോഡൽ അടിച്ചുമാറ്റാൻ ശ്രമിച്ച് 'പിടിയിലായ' പ്രാഡ
ഇന്ത്യക്കാരുടെ സ്വന്തം കോലാപ്പുരി മോഡൽ, ഒരു വൻകിട ലക്ഷ്വറി ബ്രാൻഡ് അടിച്ചുമാറ്റിയെന്ന ആരോപണമാണ് എല്ലാത്തിനും തുടക്കമിട്ടത്. പ്രതിസ്ഥാനത്ത് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ 'പ്രാഡ'യാണ്. പിടിക്കപ്പെട്ടതോടെ അവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പക്ഷെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല
'കോലാപ്പുരി ചെരുപ്പ്,' ഒരുകാലത്ത് കേരളത്തിലുൾപ്പെടെ വൻ ട്രെൻഡിങ്ങായിരുന്ന മോഡൽ.. ഏകദേശം 400 മുതൽ 4000 രൂപ വരെ വിലവരുന്ന കോലാപ്പൂരിക്ക് എല്ലാകാലത്തും വലിയൊരു ഫാൻ ബേസുമുണ്ട്... ആ കോലാപ്പുരിയാണ് ഇപ്പോൾ ആഗോള ഫാഷൻ ഇൻഡസ്ട്രിയിൽ ചർച്ചാ വിഷയം.
ഇന്ത്യക്കാരുടെ സ്വന്തം കോലാപ്പുരി മോഡൽ, ഒരു വൻകിട ലക്ഷ്വറി ബ്രാൻഡ് അടിച്ചുമാറ്റിയെന്ന ആരോപണമാണ് എല്ലാത്തിനും തുടക്കമിട്ടത്. പ്രതിസ്ഥാനത്ത് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ 'പ്രാഡ'യാണ്. പിടിക്കപ്പെട്ടതോടെ അവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പക്ഷെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല.
ജൂൺ 22നായിരുന്നു ഇറ്റലിയിലെ മിലാനിൽ 'Men’s Fashion Week 2026' നടന്നത്. ഇതിൽ പ്രാഡയുടെ മോഡൽ ധരിച്ച ചെരുപ്പ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ഇന്ത്യയിൽ. കാരണം ആ ചെരുപ്പിന്റെ മോഡലായിരുന്നു... മഹാരാഷ്ട്രയിലെ കോലാപ്പുരിൽ രൂപംകൊണ്ട പമ്പരാഗത ഇന്ത്യൻ കോലാപുരി ചെരുപ്പുകളോടുള്ള സാമ്യമായിരുന്നു... ആ ഒരു ചെരുപ്പിലേക്ക് മാത്രം ചർച്ചകൾ വഴിതിരിയാനുള്ള പ്രധാന കാരണം.
ഇന്ത്യയിലെ കഴിവുറ്റ ചെറുപ്പുനിർമാതാക്കൾ വികസിപ്പിച്ച ഒരു മോഡൽ പ്രാഡ എന്ന ലക്ഷ്വറി ബ്രാൻഡ് അടിച്ചുമാറ്റി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം. കോലാപ്പൂരി ചപ്പലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ ചെരിപ്പ് ഡിസൈൻ ചെയ്തതെന്ന് പറയാനും പ്രാഡ തയാറായിരുന്നില്ല. അതോടെ മഹാരാഷ്ട്ര ചേംബർ ഓഫ് കോമേഴ്‌സ് അധ്യക്ഷൻ ലളിത് ഗാന്ധി ഈ വിഷയം ഉന്നയിച്ച്, പ്രാഡയ്ക്ക് കത്തെഴുതി. സംഭവം വൻ ചർച്ചയായതോടെ ഗത്യന്തരമില്ലാതെ പ്രാഡ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
ശരിക്കുമൊരു കുറ്റസമ്മതമായിരുന്നു പ്രാഡയുടെ ഔദ്യോഗിക പ്രസ്താവന. കോലാപുരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ മോഡൽ വികസിപ്പിച്ചതെന്നായിരുന്നു പ്രാഡയുടെ തുറന്നുപറച്ചിൽ. ഒപ്പം വിവിധ രാജ്യങ്ങളിലെ പരമ്പരാഗത കരകൗശല വസ്തുക്കളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഉൽപ്പന്നങ്ങൾ നിര്മിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള പ്രാഡയുടെ പുതിയ മോഡൽ പരമ്പരാഗത ഇന്ത്യൻ കോലാപുരി നിർമാതാകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ഖേദപ്രകടനവും പ്രാഡ നടത്തിയിരുന്നു.
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലും കർണാടകയിലെ വിവിധ മേഖലകളിലും പരമ്പരാഗതമായി നിർമിക്കുന്ന യൂണിസെക്സ് ലെതർ ചെരുപ്പുകളാണ് കോലാപുരി ചപ്പലുകൾ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവയാണ് കോലാപ്പുരി ചെരുപ്പുകൾ. മെടഞ്ഞെടുക്കുന്ന ലെതർ സ്ട്രാപ്പുകൾ, നീണ്ടകാലം നിലനിൽക്കുന്നതരം രൂപകൽപന എന്നിവയ്ക്ക് പേരുകേട്ടവയാണ് ഈ ചെരുപ്പുകൾ. എന്നാൽ അതുനിർമിക്കുന്നവർക്ക് ലഭിക്കുന്നത് തുച്ഛമായ കൂലിയാണ്. ഒരു കോലാപ്പുരി ചെരുപ്പ് നിർമ്മിക്കുന്നതിലൂടെ 250 മുതൽ 400 രൂപ വരെ മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. അതേസമയം, ഇടനിലക്കാരനും ചെറുകിടവ്യാപാരിയും 2000 മുതൽ 4000 രൂപവരെ സമ്പാദിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, മിക്കവാറും ഈ തൊഴിൽ ഉപേക്ഷിച്ചുവെന്നാണ് കണക്ക്.
അങ്ങനെയിരിക്കെയാണ്, പ്രചോദനം എന്നവകാശപ്പെട്ട ലോകോത്തര ലക്ഷ്വറി ബ്രാൻഡ് കോലാപ്പുരിയെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നത്. പ്രാഡയുടെ ഒരു ജോഡി ചെരുപ്പ് ലക്ഷങ്ങൾക്ക് വിൽക്കുമ്പോൾ അതിന്റെ പരമ്പരാഗത തൊഴിലാളികൾക്ക് ഒരുഗുണവും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ, അതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
ഒരു നിർദ്ദിഷ്ട പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഉൽപ്പന്നങ്ങളെ അടയാളപ്പെടുത്തുന്ന ജി ഐ ടാഗ് 2019ൽ കോലാപ്പുരി ചെരുപ്പുകൾക്ക് ലഭിച്ചിരുന്നു. തദ്ദേശീയമായി രൂപംകൊള്ളുന്നവയെ, അവരുടെ സമ്മതമില്ലാതെ, അടിച്ചുമാറ്റി തങ്ങളുടേതാക്കി മാറ്റുന്ന പരിപാടിയാണ് പ്രാഡ സ്വീകരിച്ചത് എന്നാണ് ഉയരുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. തദ്ദേശീയ കലകൾ, രൂപങ്ങൾ കരകൗശല ഉത്പന്നങ്ങൾ എന്നിവയെ ഇത്തരം ആഡംബര ബ്രാൻഡുകൾ സ്വന്തം നേട്ടങ്ങൾക്കായി കോപ്പിയടിക്കാറുണ്ട്. അതിലൂടെ പക്ഷെ യാതൊരു ഗുണവും തദ്ദേശീയർക്ക് ലഭിക്കുകയുമില്ല. അതിനുള്ള ശ്രമമാണ് കോലാപ്പുരി ചപ്പലുകളുടെയും കാര്യത്തിൽ നടന്നത്. പക്ഷെ പിടിക്കപ്പെട്ടിടത്ത് പ്രാഡയ്ക്ക് പാളിയെന്നുമാത്രം.