'ആരാണ് നമുക്കൊപ്പം പോരാടാന്‍ തയ്യാറുള്ളത്?' യുദ്ധഭൂമിയില്‍ ഒറ്റപ്പെട്ടെന്ന് യുക്രൈന്‍

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെയാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കിയുടെ പ്രതികരണം

Update: 2022-02-25 01:32 GMT

യുദ്ധഭൂമിയില്‍ തങ്ങള്‍ ഒറ്റയ്ക്കെന്ന് യുക്രൈന്‍. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെയാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കിയുടെ പ്രതികരണം.

"ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങൾ ഒറ്റയ്ക്കാണ്. ആരാണ് നമുക്കൊപ്പം പോരാടാൻ തയ്യാറുള്ളത്? ഞാൻ ആരെയും കാണുന്നില്ല. യുക്രൈന് നാറ്റോ അംഗത്വത്തിന്റെ ഉറപ്പ് നൽകാൻ ആരാണ് തയ്യാറുള്ളത്? എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്"- അർദ്ധരാത്രിക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് വ്ലോദിമർ സെലെൻസ്‌കി പറഞ്ഞു.

റഷ്യന്‍ ആക്രമണത്തിന്‍റെ ആദ്യ ദിനം തങ്ങളുടെ സൈനികരും സാധാരണക്കാരുമായ 137 പേര്‍ കൊല്ലപ്പെട്ടെന്ന് സെലൻസ്‌കി പറഞ്ഞു. 316 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ അട്ടിമറി സംഘം തലസ്ഥാനമായ കിയവില്‍ പ്രവേശിച്ചിട്ടുണ്ടെന്നും പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ ആദ്യ ലക്ഷ്യം താനാണെങ്കിലും കുടുംബത്തോടൊപ്പം യുക്രൈനില്‍ തന്നെ തുടരുകയാണെന്ന് സെലന്‍സ്കി പ്രതികരിച്ചു. രാഷ്ട്രത്തലവനെ താഴെയിറക്കി യുക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും സെലെൻസ്‌കി പറഞ്ഞു.

Advertising
Advertising

അതേസമയം യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിർവഹിച്ചെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ്  മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News