വാക്സിന്‍ വേണ്ട; ഫ്രാന്‍സിലെ നഗരങ്ങളില്‍ പ്രതിഷേധം

വാക്‌സിന്‍ വിരുദ്ധര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

Update: 2021-07-16 04:47 GMT
Editor : Jaisy Thomas | By : Web Desk

ദരിദ്രരാജ്യങ്ങളില്‍ കോവിഡ് വാക്സിന്‍ ക്ഷാമം നേരിടുമ്പോള്‍ സമ്പന്ന രാഷ്ട്രങ്ങളിലെ ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഇപ്പോഴും മടി കാണിക്കുകയാണ്. വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പല രാജ്യങ്ങളും വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും കുത്തിവെപ്പിനോട് മുഖം തിരിക്കുന്നവരുണ്ട്. വാക്സിനെതിരെ ഫ്രാന്‍സിലെ നഗരങ്ങളില്‍ പരസ്യമായ പ്രതിഷേധം തന്നെ നടന്നു.

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിനെടുക്കുകയോ കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കാണിക്കുകയോ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഫ്രാന്‍സിലും ഗ്രീസിലും ബുധനാഴ്ച പ്രതിഷേധം നടന്നത്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനെതിരെ പാരിസില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.

Advertising
Advertising

വാക്‌സിന്‍ വിരുദ്ധര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പാരിസില്‍ വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രക്ഷോഭം. പ്രതിഷേധക്കാരില്‍ പലരും മാസ്‌ക് ധരിക്കാതെയാണ് സമരത്തിനിറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളുടെ മൌലികാവകാശത്തെ ഹനിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.

പാരിസില്‍ നടന്ന സമരത്തില്‍ 2250 പേര്‍ പങ്കെടുത്തുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ടൗലോസ്, ബോര്‍ഡെക്‌സ്, മോണ്ട്‌പെല്ലിയര്‍, നാന്‍സ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഏകദേശം 19000ത്തിലേറെ പേര്‍ വിവിധ ഭാഗങ്ങളിലായി നടന്ന സമരത്തില്‍ പങ്കെടുത്തു. ഹെല്‍ത്ത് പാസിലൂടെ ജനങ്ങളെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, വാക്‌സിന്‍ അടിച്ചേല്‍പ്പിക്കുന്നില്ലെന്നും വാക്‌സിനേഷനെ പരമാവധി പ്രോത്സാഹിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വക്താവ് ഗബ്രിയേല്‍ അട്ടല്‍ അറിയിച്ചു.

ഫ്രാന്‍സില്‍ ഇതുവരെ ജനസംഖ്യയുടെ പകുതി പേര്‍ വാക്‌സിനെടുത്തെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടക്കം മുതലേ ഫ്രാന്‍സില്‍ വാക്‌സിനേഷനെതിരെ സംശയമുയര്‍ന്നിരുന്നു. 2020 ഡിസംബറില്‍ ഒക്‌സോഡ പോളിങ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 42 ശതമാനം മാത്രം ആളുകളാണ് വാക്‌സിനേഷന്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് അത് 70 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴും 14 ശതമാനം പേര്‍ വാക്‌സിനേഷന് എതിരാണ്. യൂറോപ്യൻ സെന്‍റര്‍ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ പറയുന്നതനുസരിച്ച്, ഗ്രീസിലെ മുതിർന്നവരിൽ 48 ശതമാനം പേർക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. 59 ശതമാനം പേർക്ക് ആദ്യ ഡോസുമെടുത്തിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News