ഇസ്രായേൽ ഫുട്ബോൾ ടീമിനുള്ള സ്പോൺസർഷിപ്പ് അവസാനിപ്പിച്ച് പൂമ

സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിനുള്ള നീക്കം കഴിഞ്ഞവർഷം മുതൽ ആലോചനയിലുണ്ടെന്നും പൂമ വക്താവ്

Update: 2023-12-12 12:59 GMT
Editor : Lissy P | By : Web Desk
Advertising

ബെർലിൻ: ഇസ്രായേലിന്റെ ദേശീയ ഫുട്‌ബോൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ പൂമ. 2024-ൽ ഇസ്രായേലിന്റെ ദേശീയ ഫുട്ബോൾ ടീമിനെ സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് പൂമ വക്താവ് അറിയിച്ചു. അതേസമയം, സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിന് ഗസ്സയിൽ നടക്കുന്ന യുദ്ധത്തിനോ ഇസ്രായേലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പൂമ വ്യക്താവ് അറിയിച്ചു. സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിനുള്ള നീക്കം കഴിഞ്ഞവർഷം മുതൽ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പൂമ അറിയിച്ചതായി 'ദ സ്‌പെക്ടെറ്റര്‍ ഇൻഡെക്‌സ്' എക്‌സിൽ ട്വീറ്റ് ചെയ്തു.

ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷനുമായുള്ള ( ഐ.എഫ്.എ) സ്‌പോൺസർഷിപ്പ് പൂമ അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയും 18,000 ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്ത സാഹചര്യത്തിൽ ബഹിഷ്‌കരണ ആവശ്യം ശക്തമാകുകയും ചെയ്തു.

സെർബിയയും ഇസ്രായേലും ഉൾപ്പെടെ നിരവധി ഫെഡറേഷനുകളുമായുള്ള കമ്പനിയുടെ കരാറുകൾ 2024-ൽ അവസാനിക്കുമെന്നും അത് പുതുക്കില്ലെന്നും പൂമ വക്താവ് അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്  റിപ്പോർട്ട് ചെയ്യുന്നു. നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പൂമ അറിയിച്ചിട്ടുണ്ട്. 2018 ലാണ് കളിക്കാർക്ക് കിറ്റ് നൽകുന്നതിനായി പ്യൂമ ആദ്യമായി ഐഎഫ്എയുമായി കരാർ ഒപ്പിട്ടത്.

അതേസമയം, ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ടിനെ പിന്തുണയ്ക്കുന്ന തരത്തിൽ പരസ്യചിത്രം നിര്‍മിച്ച സ്പാനിഷ് ഫാഷൻ ബ്രാൻഡായ സാറയ്‌ക്കെതിരെ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയര്‍ന്നിരുന്നു.ഫലസ്തീനികളുടെ യാതനകളെയും ദുരിതങ്ങളെയും അപഹസിക്കുന്ന തരത്തിലുള്ള പരസ്യചിത്രത്തിന്റെ പേരിൽ കമ്പനിക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനവും ശക്തമായിരുന്നു.

അമേരിക്കൻ മോഡലായ ക്രിസ്റ്റൻ മക്‌മെനാമി അഭിനയിച്ച സാറയുടെ പരസ്യചിത്രത്തിലാണു വിവാദരംഗങ്ങളുള്ളത്. 'ദി ജാക്കറ്റ്' എന്ന പേരിലാണ് പരസ്യകാംപയിൻ പുറത്തിറക്കിയത്. കരകൗശലത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും കലാ ആവിഷ്‌ക്കാരങ്ങളോടുള്ള അഭിനിവേശവും ആഘോഷിക്കുന്ന പരിമിതമായ പതിപ്പാണിതെന്നു പറഞ്ഞാണു പുതിയ മോഡൽ വസ്ത്രം പരിചയപ്പെടുത്തുന്നത്. എന്നാൽ, പരസ്യചിത്രത്തിന്റെ പശ്ചാത്തലമാണു വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഫൻപുടവയിൽ പൊതിഞ്ഞ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമാണു പശ്ചാത്തലത്തിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നതെന്നാണു വിമർശനമുയരുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News